മാവോയിസ്റ്റ് ഭീകരർവരെ അതിഥി തൊഴിലാളികളായി ജോലിചെയ്യുന്നു
അപരിചിത മുഖങ്ങൾ തോട്ടം മേഖലയിൽ പെരുകുന്നു
തൊടുപുഴ: മൂന്നാറിൽ ഒന്നരവർഷമായി കുടുംബസമേതം കഴിഞ്ഞ് പോന്ന അന്യസംസ്ഥാന തൊഴിലാളി സ്വന്തം നാട്ടിൽ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാവോയിസ്റ്റുകാരനാണെന്നത് അധികൃതരെതെല്ലൊന്നുമല്ല ഞെട്ടിച്ചത്. ഝാർഖണ്ഡ് സ്വദേശിയായ സഹൻ ടുടി ദിനബു(30)വാണ് തിങ്കളാഴ്ച രാത്രിയിൽ എൻ.ഐ.എ പിടിയിലായത്. ഇത്രയും വലിയൊരു കൊടും ക്രിമിനൽ ഇത്രയും കാലം സുരക്ഷിതമായി ഒളിവിൽ കഴിയാൻ തിരഞ്ഞെടുത്തത് കേരളമാണെന്നതും അതും മൂന്നാർ പോലുള്ള തോട്ടം മേഖലയാണെന്നതും ഗൗരവം വർദ്ധിക്കുന്നു.കൊച്ചി, റാഞ്ചി എൻ.ഐ.എ യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ മൂന്നാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഝാർഖണ്ഡിൽ നിന്നും രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. ആദ്യമെത്തിയത് പ്രതിയാണെന്നും പിന്നീട് ഭാര്യയും എത്തിയതായാണ് വിവരം. ഇവർക്കൊപ്പം ഒരു ആൺകുട്ടി കൂടി എത്തിയിട്ടുള്ളതായും സൂചനയുണ്ട്. ഇയാൾ ഇവിടെ എത്തിയതായി രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് ഏതാനും ആഴചകളായി എൻ.ഐ.എ നിരീക്ഷണത്തിലായിരുന്നു. പ്രതിക്കൊപ്പം കൂടുതൽ ആളുകൾ ഇവിടെ എത്തിയിട്ടുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കാൻ സാധ്യതയുണ്ട്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കൊച്ചി എൻ.ഐ.എ യൂണിറ്റ് ഓഫീസിലേക്ക് പ്രതിയെ മാറ്റിയിരുന്നു. പ്രത്യേക പൊലീസ് സുരക്ഷയോടെയാണ് കൊണ്ടുപോയത്.
അതിഥി പോർട്ടലിൽ
27800 പേർ
അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ അതിഥി പോർട്ടൽ വഴി ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 27800 പേരാണ്. തൊഴിലാളികളുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. കഴിഞ്ഞവർഷം നവംബർ മുതലാണ് രജിസ്‌ട്രേഷൻ സജീവമാക്കിയത്. അതിന് മുമ്പ് അതിഥി മൊബൈൽ ആപ്പുണ്ടായിരുന്നെങ്കിലും അത്ര സജീവമായിരുന്നില്ല. ആരംഭ ഘട്ടത്തിൽ രജിസ്റ്റർ ചെയ്യാൻ അധികം പേർ മുമ്പോട്ട് വന്നില്ലെങ്കിലും തുടർച്ചയായ ബോധവൽക്കരണത്തിലൂടെയും മെഡിക്കൽ ക്യാമ്പുകളും മറ്റും നടത്തിയുമാണ് കണക്കിൽ വർദ്ധനവ് ഉണ്ടായതെന്ന് ജില്ലാ തൊഴിൽ വകുപ്പ് അധികൃതർ പറയുന്നു. ജോലിക്കായി എത്തുന്ന തൊഴിലാളികൾ ഒരിടത്ത് സ്ഥിരമായി നിൽക്കാത്തതും പ്രതിസന്ധിയാണ്.
തൊഴിലുടമകൾ
സഹകരിക്കണം
ഇനിയും കണക്കിൽപ്പെടാതെ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കാനുണ്ട്. എവിടെ നിന്നെങ്കിലും തൊഴിലാളികളെ പണിക്കായി എത്തിക്കുന്ന ഉടമകൾ കൂടി സഹകരിച്ചാൽ മാത്രമേ സമ്പൂർണ വിവരം ലഭ്യമാക്കാൻ സാധിക്കുകയുള്ളു. എന്നാൽ പലർക്കും പോർട്ടൽ വഴി കണക്ക് നൽകാൻ താൽപര്യമില്ലെന്നതാണ് യാഥാർത്ഥ്യം. തൊഴിലാളികളെ ചേർക്കുന്നതിൽ തൊഴിൽ വകുപ്പിനും പരിമിതിയുണ്ട്. ബീഹാർ, പശ്ചിമ, ബംഗാൾ, ഉത്തർപ്രദേശ്, ഒറീസ, തമിഴ്നാട് അടക്കമുള്ള സംസഥാനങ്ങളിൽ നിന്നും നിരവധി പേർ ജില്ലയിലെ തോട്ടം മേഖലയിൽ തൊഴിൽ ചെയ്യുന്നുണ്ട്. ഇതിനെല്ലാം കൃത്യമായ കണക്ക് നൽകിയാൽ മാത്രമേ പോർട്ടലിലെ വിവരം പൂർണമാകൂ. പോർട്ടൽ പൂർണമായാൽ തൊഴിലിന്റെ മറവിൽ ക്രിമിനൽ കേസുകളിലും മറ്റുംപെട്ട് ഒളിവിൽ കഴിയുന്നവരെ എളുപ്പം പിടികൂടാൻ സാധിക്കും.