ഇടുക്കി: ജില്ലയുടെ മലയോര മേഖലയിലേക്ക് കുടിയേറിയ കർഷകർ ഉപയോഗിച്ച ആദ്യകാല റോഡായ ഉടുമ്പന്നൂർ- കൈതപ്പാറ - മണിയാറൻകുടി റോഡിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ. നിർമാണപ്രവർത്തനം ആരംഭിച്ച മണിയാറൻകുടി ഉടുമ്പന്നൂർ റോഡ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ജീവൽപ്രശ്നത്തിൽ കൂടെ നിൽക്കുകയും സാധ്യമായതെല്ലാം ചെയ്യുക എന്നതുമാണ് തന്റെ നിലപാട്. മന്ത്രി എന്ന നിലയിൽ ഉദ്യോഗസ്ഥരും പൊതുജനങ്ങളും തമ്മിലുള്ള ശത്രുതാ മനോഭാവം മാറ്റാനായിരുന്നു ശ്രമം. അതു വിജയിക്കുകയും ചെയ്തു. പരസ്പരസഹകരണത്തിലൂടെ ഒട്ടേറെ മാറ്റങ്ങൾ വരുത്താൻ സാധിക്കും. അതിനുള്ള ഉദാഹരണമാണ് ഈ റോഡിന്റെ നിർമാണമെന്നും മന്ത്രി പറഞ്ഞു.വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പൊതുജനങ്ങളും മന്ത്രിയുമായി ചർച്ച നടത്തി. വിനോദസഞ്ചാര കേദ്രമായിരുന്ന പാൽകുളംമേട് തുറന്ന് കൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. കോതമംഗലം ഡി.എഫ്.ഒ. സൂരജ് ബെൻ, സാമൂഹ്യ -രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.