തൊടുപുഴ: തദേശ തെരഞ്ഞെടുപ്പിന് മന്നോടിയായി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് രണ്ടാം ഘട്ടം നടത്തി. 16 പഞ്ചായത്തുകളുടെ നറുക്കെടുപ്പാണ് ഇന്നലെ നടത്തിയത്. കഴിഞ്ഞ ദിവസം 16 പഞ്ചായത്തുകളിലെ നറുക്കെടുപ്പ് പൂർത്തീകരിച്ചിരുന്നു. ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് 15ന് അവസാനിക്കും. എട്ട് ബ്‌ളോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18ന് രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. 21 നാണ് ജില്ലാപഞ്ചായത്തിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുക. ജില്ലയിലെ തൊടുപുഴ, കട്ടപ്പന മുനിസിപ്പൽ കൗൺസിലുകളിലേയ്ക്കുള്ള വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് 16 ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ നറുക്കെടുപ്പ് രാവിലെ 10 നും കട്ടപ്പനയിലെ 11നും നടക്കും. സംവരണ വാർഡുകൾ സംബന്ധിച്ച വിശദവിവരങ്ങൾ ഇടുക്കി ജില്ലയുടെ സൈറ്റിൽ ലഭിക്കും.