sports

നെടുങ്കണ്ടം: ഇനി മൂന്ന് നാൾ നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം കൗമാരക്കുതിപ്പിന് സാക്ഷ്യം വഹിക്കും. പതിനെട്ടാമത് റവന്യൂ ജില്ലാ സ്കൂൾ കായികമേളയാണ് ഇന്ന് മുതൽ നെടുങ്കണ്ടത്ത് ആരംഭിക്കുന്നത്. നെടുങ്കണ്ടം, തൊടുപുഴ, അടിമാലി, അറക്കുളം, കട്ടപ്പന, മൂന്നാർ, പീരുമേട് എന്നീ ഏഴ് ഉപ ജില്ലകളിൽ നിന്നായി 2500 കായികതാരങ്ങൾ മേളയിൽ പങ്കെടുക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് എം.എം മണി എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. 18 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായ്തത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. മേളയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. വിവിധ കമ്മിറ്റികളുടെ ചുമതല അദ്ധ്യാപക സംഘടനകൾക്കാണ്. മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്കും സംഘാടകർക്കും ഭക്ഷണവും താമസവും ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്ക് നെടുങ്കണ്ടം വി.എച്ച്.എസ്.സിയിലും പെൺകുട്ടികൾക്ക് എസ്.ഡി.എ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ഇന്ന് രാവിലെ 9.15ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സി. ഗീത പതാകയുയർത്തും.

കായിക താരങ്ങൾക്ക്

പരിശീലന പദ്ധതിയുമായി എം.പി

ഇത്തവണ ജില്ലയിലെ കായിക താരങ്ങൾക്ക് പ്രത്യേക പരിശീലനം നൽകാൻ പദ്ധതിയുമായി ഡീൻ കുര്യാക്കോസ് എം.പി. റവന്യൂ ജില്ലാ കായികമേളയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാന കായികമേളയ്ക്ക് മുമ്പ് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ രണ്ട് ദിവസം പ്രത്യേക പരിശീലനം നൽകുകയാണ് പദ്ധതി. ജില്ലയിൽ കായിക രംഗത്ത് ഇതാദ്യമായാണ് ജില്ല ഒന്നാകെ ഇങ്ങനെ ഒരു പരിശീലനം നൽകുന്നത്. ജില്ലയ്ക്കായി മത്സരത്തിന് ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഒരുമയോടെ പങ്കെടുക്കാൻ കഴിയുന്ന തരത്തിലേക്ക് ഉയർത്തുകയാണ് ഇതിന്റെ ലക്ഷ്യം. ജില്ലാ അത്ലറ്റിക് അസോസിയേഷനാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. താമസം, ഭക്ഷണം, പരിശീലനം, ജില്ലയുടെ പേരിലുള്ള ജേഴ്സി എന്നിവ സൗജന്യമായി നൽകും.

ദീപശിഖാ പ്രയാണം നടത്തി

കായികമേളയുടെ പ്രചരണാർത്ഥമുള്ള ദീപശിഖാ പ്രയാണം നെടുങ്കണ്ടം ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് സിന്തറ്റിക് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നു. ആർ.ഡി.എസ്.ജി.എ സെക്രട്ടറി എ.എസ്. സുനീഷ് ഫ്ളാഗ് ഓഫ് ചെയ്തു. പബ്ലിസിറ്റി കൺവീനർ ശിവകുമാർ. ടി ദീപശിഖ തെളിയിച്ചു. ദേശീയ മെഡൽ ജേതാവ് ഗോഡ്വിൻ പി. ബിനോയ് ദീപശിഖ ഏറ്റുവാങ്ങി. നെടുങ്കണ്ടം ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ എസ്.പി.സി, ജെ.ആർ.സി കേഡറ്റുകൾ ദീപശിഖയ്ക്കൊപ്പം അനുഗമിച്ചു. ജി.വി.എച്ച്.എസ്.എസ് സ്കൂൾ പ്രിൻസിപ്പൽ ഡോ. സുരേഷ് കുമാർ ദീപശിഖ സ്വീകരിച്ചു. ശ്രീരേഖ ടി.ആർ, ജിൻസ്, പി. കിഷോർ, ഗോപിനാഥ്, സൈജു ചെറിയാൻ, റെയ്സൺ പി. ജോസഫ് എന്നിവർ നേതൃത്വം നൽകി.

ഇന്നത്തെ മത്സരങ്ങൾ

 100 മീറ്റർ ഫൈനൽ (സബ് ജൂനിയർ, ജൂനിയർ ആൺ & പെൺ)
 600 മീറ്റർ ഫൈനൽ (സബ് ജൂനിയർ ആൺ & പെൺ)

 80 മീറ്റർ ഹർഡിൽസ് ടൈം ട്രയൽ (സബ് ജൂനിയർ ആൺ & പെൺ)

 110 മീറ്റർ ഹർഡിൽസ് ടൈം ട്രയൽ (ജൂനിയർ, സീനിയർ ആൺ)

 100 മീറ്റർ ഹർഡിൽസ് ടൈം ട്രയൽ (ജൂനിയർ, സീനിയർ പെൺ)

 4* 100 മീറ്റർ റിലേ (സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ & പെൺ)

 3000 മീറ്റർ ഫൈനൽ (ജൂനിയർ, സീനിയർ ആൺ & പെൺ)

 ലോങ് ജമ്പ് (സബ് ജൂനിയർ, ജൂനിയർ, സീനിയർ പെൺ)

 ഹൈജമ്പ് (സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ)

 ഷോട്ട് പുട്ട് (സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ)
 ഡിസ്‌കസ് ത്രോ ( ജൂനിയർ, സീനിയർ ആൺ & പെൺ)