bijimol

തൊടുപുഴ : ആധുനിക കാലഘട്ടത്തിൽ സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിയുള്ള പ്രക്ഷോഭങ്ങൾ രാജ്യത്ത് വിപുലപ്പെട്ട രീതിയിൽ ഏറ്റെടുക്കേണ്ടതുണ്ടെന്ന് കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ .എസ് ബിജിമോൾ അഭിപ്രായപ്പെട്ടു. ഭയരഹിത ഭാരതം, സുരക്ഷിത തൊഴിലിടം എന്ന മുദ്രാവാക്യം ഉയർത്തി ജോയിന്റ് കൗൺസിൽ വനിത കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ല വനിത മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജിമോൾ. ലിംഗ സമത്വവും, സ്ത്രീ സുരക്ഷയും ഉറപ്പുവരുത്തിയുള്ള വിശാലമായ കാഴ്ചപ്പാടുകൾ ഇന്ത്യ രാജ്യം മാതൃകയാകേണ്ട കാലഘട്ടമാണിത്. തൊഴിലിടങ്ങളെ സുരക്ഷിതമാക്കുന്നതിന് ഒട്ടനവധി നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ടെങ്കിലും, അതിനെയൊന്നും ഫലപ്രദമായി വിനിയോഗിക്കുവാൻ അധികാരികൾ തയ്യാറാകുന്നില്ല എന്നതും ഗൗരവതരമായ പരിശോധന ആവശ്യമുള്ള വസ്തുതയാണെന്നും ബിജിമോൾ പറഞ്ഞു. തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച വനിത ജില്ല മാർച്ച് നഗരം ചുറ്റി ഗാന്ധി സ്‌ക്വയറിൽ എത്തി മുനിസിപ്പൽ പാർക്കിന് സമീപം സമാപിച്ചു. തുടർന്ന് ജോയിന്റ് കൗൺസിൽ വനിതാ കമ്മറ്റി ജില്ലാ പ്രസിഡന്റ് ചിന്താമോൾ പി എസ് ന്റെ അധ്യക്ഷതയിനടന്ന പ്രതിഷേധ ധർണ്ണയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിന്ദു രാജൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഡി ബിനിൽ, വനിത കമ്മറ്റി സംസ്ഥാന ജോയിന്റ് സെക്രട്ടറി ലോമിമോൾ കെ ആർ, സംസ്ഥാന കൗൺസിൽ അംഗം സി ജി അജീഷ, സംസ്ഥാന വനിത കമ്മറ്റി അംഗം ആൻസ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ കമ്മറ്റി ജില്ലാ സെക്രട്ടറി രാജീമോൾ എൻ കെ സ്വാഗതവും, തൊടുപുഴ മേഖല പ്രസിഡന്റ് ആശ സി .ജി നന്ദിയും പറഞ്ഞു.