selfie

തൊടുപുഴ: സി.ബി.എസ്.ഇ സെൻട്രൽ കേരള സഹോദയ കലോത്സവത്തിന് തൊടുപുഴ വിമല പബ്ലിക് സ്‌കൂളിൽ തിരി തെളിഞ്ഞു. കലോത്സവത്തിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം കലാഭവൻ ഷാജോൺ നിർവഹിച്ചു. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജരും കോതമംഗലം പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ മറീന സി.എം.സി അനുഗ്രഹപ്രഭാഷണം നടത്തി. വിമല പബ്ലിക് സ്‌കൂൾ പ്രിൻസിപ്പലും കലോത്സവത്തിന്റെ ജനറൽ കൺവീനറുമായ സിസ്റ്റർ എലൈസ് സി.എം.സി സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ഗിരീഷ് ബാലൻ നന്ദിയും പറഞ്ഞു. വിമല സ്‌കൂളിന്റെ മാസ്‌കോട്ട് റിവീലിങ് ചടങ്ങിൽ നടന്നു. ന്യൂമാൻ കോളേജ് ബർസാർ ഫാ. ബെൻസൺ ആന്റണി സർഗധ്വനി- 2025 നിയന്ത്രിക്കുന്ന എ.ഐ റോബോ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. വിമല സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വ. സിജോ ജെ. തൈച്ചേരി, വിമല സ്‌കൂൾ ലോക്കൽ മാനേജർ സിസ്റ്റർ സീന മരിയ, സെൻട്രൽ കേരള സഹോദയ സെക്രട്ടറി ജയിന പോൾ, വൈസ് പ്രസിഡന്റ് ഫാ. ജോൺസൺ പാലപ്പിള്ളി, ട്രഷറർ സിസ്റ്റർ റോസ് മരിയ എസ്.എ.ബി. എസ്, ജോയിന്റ് സെക്രട്ടറി ഷിനു സൈമൺ, സ്‌പോർട്സ് കോർഡിനേറ്റർ ജോജു ജോസഫ്, സെൻട്രൽ കേരള സഹോദയ അക്കാഡമിക് കോർഡിനേറ്റർ അനിത ജോർജ് എന്നിവർ പ്രസംഗിച്ചു. 15പരം വേദികളിലായാണ് മത്സരങ്ങൾ നടക്കുക. വിവിധ ഇനങ്ങളിലായി അയ്യായിരത്തോളം പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിലെ നൂറിൽപരം സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുക.