തൊടുപുഴ: ബെന്നി ബെഹനാൻ എം.പി ക്യാപ്ടനും വി.ടി ബൽറാം വൈസ് ക്യാപ്ടനുമായ വിശ്വാസ സംരക്ഷണ ജാഥ ഇടതു സർക്കാരിന് ശക്തമായ താക്കീത് നൽകുന്ന പ്രതിഷേധമായി മാറി. ആയിരക്കണക്കിന് പ്രവർത്തകരുടെ നേതൃത്വത്തിലാണ് തൊടുപുഴയിലെത്തിയ ജാഥയെ വരവേറ്റത്. ഇന്നലെ രാവിലെ മൂവാറ്റുപുഴയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉദ്ഘാടനം ചെയ്ത ജാഥ വൈകിട്ട് 4.30നാണ് തൊടുപുഴയിലെത്തിയത്. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. അശോകൻ, നിർവാഹക സമിതിയംഗം നിഷ സോമൻ നേതാക്കളായ എ.കെ. മണി, ഇ.എം. അഗസ്തി, റോയി കെ. പൗലോസ്, ഷിബിലി സാഹിബ് അടക്കമുള്ള നേതാക്കൾ ചേർന്ന് ജാഥയെ സ്വീകരിച്ചു. നഗരസഭ കാര്യാലയത്തിന് സമീപത്ത് നിന്ന് മുദ്രാവാക്യം വിളിച്ചാണ് പോഷക സംഘടന നേതാക്കളും പ്രവർത്തകരും ജാഥയെ സ്വീകരിച്ചത്. തുടർന്ന് മുൻസിപ്പൽ മൈതാനിയിൽ ഒരുക്കിയ വേദിയിലായിരുന്നു സ്വീകരണ സമ്മേളനം. കോൺഗ്രസ് നടത്തിയ പരിപാടി ഘടക കക്ഷി നേതാവായ പി.ജെ. ജോസഫ് എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തതെന്നതും ശ്രദ്ധേയമാണ്. തൊടുപുഴയിലെ സ്വീകരണത്തിന് ശേഷം ജാഥ അടുത്ത സ്വീകരണ സ്ഥലമായ പാലായിലേക്ക് പോയി. ജില്ലയിലെ ഏക സ്വീകരണ കേന്ദ്രം തൊടുപുഴയായിരുന്നു.
അയ്യപ്പ സംഗമം വിശ്വാസികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം: പി.ജെ. ജോസഫ്
സർക്കാരിന്റെ ആഗോള അയ്യപ്പസംഗമം വിശ്വാസികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമായിരുന്നെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ശബരിമലയിലെ സ്വർണ കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെ കെ.പി.സി.സി നേതൃത്വത്തിൽ ബെന്നി ബെഹനാൻ എം.പി നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥ തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണ പാളി വിവാദത്തിൽ മുഴുവൻ കുറ്റക്കാരെയും പുറത്ത് കൊണ്ടുവരണം. ഭക്തരുടെ വിശ്വാസത്തെയാണ് ചൂഷണം ചെയ്തിരിക്കുന്നത്. വലിയ തോതിൽ മോഷണം നടന്ന കേസിൽ ദുരൂഹതകൾ ഏറെയാണ്. സ്വർണ പാളികൾ ചെമ്പാണെന്ന് എഴുതാൻ ദേവസ്വം ബോർഡിന് എങ്ങനെ ധൈര്യം കിട്ടി. സ്വർണം കവർന്ന സംഭവത്തിൽ സർക്കാരിന് ഒഴിവാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അമ്പലം വിഴുങ്ങികളെ അറബിക്കടലിൽ വലിച്ചെറിയും: ബെന്നി ബെഹനാൻ എം.പി
അമ്പലം വിഴുങ്ങികളെ അറബിക്കടലിൽ വലിച്ചെറിയാൻ സമയമായതായി സ്വീകരണമേറ്റുവാങ്ങിയ ജാഥാ ക്യാപ്ടൻ ബെന്നി ബെഹനാൻ എം.പി പറഞ്ഞു. വിശ്വാസത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്നവരെ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ജനം ഒഴിവാക്കണം. വിശ്വാസമെന്നത് മുഖ്യമന്ത്രി പിണറായി വിജയന് പലതിനുമുള്ള മറയാണ്. എന്നാൽ കോൺഗ്രസിന് ഒരിക്കലും വിശ്വാസത്തെ മറയാക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നടക്കുന്നത് വോട്ട് ചോരിയും ഗോൾഡ് ചോരിയും: വി.ടി. ബൽറാം
കേന്ദ്രത്തിൽ വോട്ട് ചോരിയെങ്കിൽ കേരളത്തിൽ നടക്കുന്നത് ഗോൾഡ് ചോരിയെന്ന് ജാഥാ വൈസ് ക്യാപ്ടൻ വി.ടി. ബൽറാം. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. ബി.ജെ.പിക്ക് ഇക്കാര്യത്തിൽ മിണ്ടാട്ടമില്ല. മുഖ്യമന്ത്രിയുടെ മകനെതിരെ ഇ.ഡി സമയൻസ് അയച്ചതല്ലാതെ തുടർ നടപടിയില്ല. ഇതെല്ലാം രഹസ്യ കൂട്ടുകെട്ടിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.