കട്ടപ്പന: കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ തന്നെ വ്യാപാര സ്ഥാപനങ്ങൾക്ക് (ഷോപ്പ് സൈറ്റുകൾക്ക്) പട്ടയം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവർക്ക് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ഭൂമി പതിച്ചു നൽകാൻ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഭൂമി കൈവശം വെച്ച് വരുന്നവർ പലവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാൻ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിസ്തൃതി പരിഗണിക്കാതെ തന്നെ വസ്തുവിന് പട്ടയം നൽകാൻ മന്ത്രിസഭായോഗം അനുമതി നൽകിയത്. 1993ലെ ചട്ടപ്രകാരം കൃഷിക്കും വീടു നിർമ്മാണത്തിനും കടകൾക്കുമാണ് പട്ടയം നൽകുന്നത്. എന്നാൽ കട്ടപ്പനയിൽ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുന്ന കാര്യത്തിൽ അവ്യക്തത തുടരുകയായിരുന്നു. 2009ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചട്ടത്തിലെ, ഷോപ്പ് എന്നത് ചെറിയ കടകൾ എന്നാണ് വ്യാഖ്യാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കടകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പട്ടയം നൽകുന്ന കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. തുടർന്ന് നിരന്തരമായ ഇടപെടലുകളിലൂടെ വിഷയം മന്ത്രിസഭയുടെ പരിഗണനയിൽ കൊണ്ടുവരികയും ഈ അവ്യക്തത നീക്കി പ്രശ്നം പരിഹരിക്കുകയുമായിരുന്നെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.


'1960 ഭൂപതിവ് നിയമത്തിന് കീഴിലുള്ള വിവിധ ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ വസ്തുവിൽ വീട് വയ്ക്കുന്നതിനും മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഉണ്ടായിരുന്ന അവ്യക്തതകൾ പരിഹരിക്കുന്നതിനുള്ള നിരവധി ചട്ട നിർമ്മാണങ്ങൾ ഇതിനോടകം തന്നെ നടത്തി. ഇതിന്റെ അടുത്ത ഘട്ടമായാണ് ഇപ്പോൾ ഷോപ്പ് സൈറ്റ് പട്ടയങ്ങൾ സംബന്ധിച്ചുള്ള ആശയക്കുഴപ്പവും പരിഹരിച്ചിരിക്കുന്നത്."

-മന്ത്രി റോഷി അഗസ്റ്റിൻ


സി.എച്ച്.ആ‌റിൽ എങ്ങനെ പട്ടയം നൽകും

സി.എച്ച്.ആർ (ഏലം കുത്തക പാട്ട ഭൂമി) പരിധിയിൽ വരുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് (ഷോപ്പ് സൈറ്റുകൾക്ക്) എങ്ങനെ പട്ടയം നൽകുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. ജില്ലയില 27 വില്ലേജുകൾ സി.എച്ച്.ആർ പരിധിയിൽ വരുന്നതാണ്. ഇതിൽ ഉടുമ്പഞ്ചോല താലൂക്ക് പൂ‌ർണമായും ഇടുക്കി, ദേവികുളം, പീരുമേട് താലൂക്കുകൾ ഭാഗികമായും സി.എച്ച്.ആർ പരിധിയിലാണ്. സി.എച്ച്.ആർ പരിധിയിലുള്ളവർക്ക് പട്ടയം നൽകുന്നത് 2024 ഒക്ടോബ‌ർ 24ന് സുപ്രീംകോടതി ഭാഗികമായി വിലക്കിയിട്ടുണ്ട്. ഇതിനെതിരെ ഇതുവരെ സർക്കാർ പുനഃപരിശോധന ഹർജിയൊന്നും നൽകിയിട്ടില്ല.


'സി.എച്ച്.ആറിലെ പട്ടയവിതരണം തടഞ്ഞ സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ വ്യാപാരസ്ഥാപനങ്ങൾക്ക് പട്ടയം നൽകാൻ കഴിയില്ല. 10 വർഷമായി ഇടതുസർക്കാരാണ് ഭരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് പട്ടയം നൽകാാനായിരുന്നെങ്കിൽ ഈ തീരുമാനം മുമ്പ് തന്നെ എടുക്കാമായിരുന്നു.
അതു ചെയ്യാതെ പട്ടയം വിതരണം ചെയ്യാൻ കഴിയില്ലന്നറിഞ്ഞുകൊണ്ട് തന്നെ നടത്തുന്ന തിരഞ്ഞെടുപ്പ് നാടകമാണ് മന്ത്രിസഭാ തീരുമാനം. സർക്കാരിന് ആത്മാർത്ഥത യുണ്ടെങ്കിൽ സുപ്രീം കോടതി വിധി പുനഃപരിശോധിക്കാനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടത്."
-ബിജോ മാണി (ഡി.സി.സി ജനറൽ സെക്രട്ടറി)