തൊടുപുഴ: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി ബി.ജെ.പി നേതാവ്. പൊലീസിന്റെ മുട്ടുകാൽ തല്ലിയൊടിക്കും എന്നായിരുന്നു ഭീഷണി. വണ്ണപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി സുരേഷാണ് ഭീഷണി മുഴക്കിയത്. കാളിയാർ പൊലീസ് സ്റ്റേഷന് മുമ്പിൽ ചൊവ്വാഴ്ച ബി.ജെ.പി നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസംഗം. വേണ്ടി വന്നാൽ പൊലീസ് സ്റ്റേഷനിൽ കയറി തല്ലും, തല്ലിയിട്ടുമുണ്ട്.ഇനിയും തല്ലും. തല്ലി മുട്ടുകാലൊടിക്കും. സി.ഐയുടെ ഓഫീസിൽ കയറി കസേര കൊണ്ട് തല്ലിയിട്ടുണ്ട്, പൊലീസുകാരെതല്ലാനൊന്നും മടിയില്ല. ഇത് പഴയ എസ്.ഐയോട് ചോദിച്ചാൽ മതി. ഞങ്ങളുടെ പ്രവർത്തകരോട് മര്യാദകേട് കാണിച്ചാൽ ഇനിയും തല്ലുമെന്നായിരുന്നു വിവാദ പ്രസംഗം. സംഭവത്തിൽ . സി.പി.എം പ്രവർത്തകരുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കലാപശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം വണ്ണപ്പുറം പഞ്ചായത്തിനെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധ പരിപാടിയിൽ അനധികൃതമായി മൈക്ക് സെറ്റ് പ്രവർത്തിപ്പിച്ചതിനും കലാപശ്രമത്തിനും സുരേഷ് ഉൾപ്പെടെയുള്ള ബി.ജെ.പി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പി പ്രതിഷേധം.