തൊടുപുഴ: കൗമാര പ്രതിഭകളുടെ കലാവിരുത് മാറ്റുരയ്ക്കുന്ന സെൻട്രൽ കേരള സഹോദയ കലോത്സവത്തിന്റെ ആദ്യിനത്തിൽ മൂവാറ്റുപുഴ പബ്ലിക് സ്‌കൂളിന്റെ മുന്നേറ്റം.
ഒരു ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 402 പോയിന്റ് നേടിയാണ് മൂവാറ്റുപുഴ പബ്ലിക് സ്‌കൂൾ ഒന്നാമതെത്തിയത്. 325 പോയിന്റോടെ വാഴക്കുളം കാർമൽ പബ്ലിക് സ്‌കൂൾ രണ്ടാമതും 306 പോയിന്റോടെ ആതിഥേയരായ തൊടുപുഴ വിമല പബ്ലിക് സ്‌കൂൾ മൂന്നാമതുമുണ്ട്. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂൾ 250 പോയിന്റുമായും വാളകം ബ്രൈറ്റ് പബ്ലിക് 246 പോയിന്റുമായും തൊട്ടു പിന്നിലുണ്ട്. ഇന്നലെ ആകെ നടന്ന 41 മത്സരങ്ങളിൽ 22 മത്സരങ്ങളുടെ ഫലങ്ങളാണ് ഇതുവരെ പുറത്തുവന്നത്. മാർഗംകളി (പെൺകുട്ടികൾ), ഗ്രൂപ്പ് ഡാൻസ് (പെൺകുട്ടികൾ), നാടോടി നൃത്തം, ഭരതനാട്യം, മോണോ ആക്ട്, ലളിതഗാനം, മൃദംഗം, തബല, വയലിൻ, വിവിധ ഭാഷകളിലെ പ്രസംഗങ്ങൾ തുടങ്ങിയ മത്സരങ്ങളാണ് ഇന്നലെ അരങ്ങേറിയത്.

വിവിധ ഇനങ്ങളിലായി ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിലെ നൂറിൽപരം സ്‌കൂളുകളിൽ നിന്നുള്ള അയ്യായിരത്തോളം പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കുന്നുണ്ട്. ഇന്ന് 14 വേദികളിലായി നാല് കാറ്റഗറികളിലെ ഗ്രൂപ്പ് സോങ്ങ്, മൈം, തിരുവാതിരകളി, ഇംഗ്ലീഷ് വൺ ആക്ട് പ്ലേ, മോഹിനിയാട്ടം, വെസ്‌റ്റേൺ മ്യൂസിക്, ഭരതനാട്യം, ഏകാഭിനയം, സംഘനൃത്തങ്ങൾ, കോൽകളി, മാർഗംകളി, പാശ്ചാത്യ സംഗീതം, മോഹിനിയാട്ടം, ദേശഭക്തിഗാന മത്സരം, ശാസ്ത്രീയ സംഗീതം, മോണോ ആക്ട്, ഭരതനാട്യം, ക്ലാസിക്കൽ മ്യൂസിക്, ഗിത്താർ, ലളിത ഗാനം, ആങ്കറിങ്, മിമിക്രി, മാപ്പിളപ്പാട്ട്, പ്രസംഗ മത്സരം തുടങ്ങിയവ നടക്കും. കലാത്സവം നാളെ സമാപിക്കും.