നെടുങ്കണ്ടം: റവന്യൂ ജില്ലാ സ്‌കൂൾ കായിക മേളയിലെ വേഗമേറിയ താരങ്ങളായി ഷഹിൻ ഷൗക്കത്തും ഷെറിൻ കെ. സെബാസ്റ്റ്യനും. മേളയിലെ ഏറ്റവും വേഗമേറിയ താരങ്ങളെ കണ്ടെത്താനുള്ള 100 മീറ്റർ ഓട്ടമത്സരത്തിലാണ് ഇരുവരും മികച്ച സമയത്ത് ഫിനിഷ് ചെയ്തത്. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ഷഹിൻ ഷൗക്കത്ത് വേഗമേറിയ താരമായി തിരഞ്ഞെടുക്കപെട്ടു. 11.30 സെക്കൻഡിലാണ് ഷഹിൻ ഫിനിഷിങ് പോയിന്റ് മറികടന്നത്. അടിമാലി ചക്കാലക്കൽ ഷൗക്കത്തിന്റെയും ഷിൽജിനയുടെയും മകനാണ്. സഹദാണ് സഹോദരൻ. കഴിഞ്ഞ വർഷം 400, 100 മീറ്ററുകളിൽ സംസ്ഥാന തലത്തിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്. പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയാണ്. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിലാണ് കാൽവരിമൗണ്ട് ജി.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഷെറിൻ കെ. സെബാസ്റ്റ്യൻ വേഗമേറിയ താരമായത്. 13.71 സെക്കന്റിലാണ് ഷെറിൻ ഓടിയെത്തിയത്. കോനാട്ട് സെബാസ്റ്റ്യൻ- മഞ്ചു ദമ്പതികളുടെ മകളായ ഷെറിൻ 200 മീറ്റർ ഹർഡിൽസ്, 4x 400 മീറ്റർ റിലേ എന്നിവയിലും മത്സരിക്കുന്നുണ്ട്. ടിബിനാണ് പരിശീലകൻ.