
തൊടുപുഴ: ആയിരക്കണക്കിന് സംഗീത പ്രതിഭകളെ കലാകേരളത്തിന് സംഭാവന ചെയ്ത സംഗീത ഗുരുവായിരുന്നു ഇന്നലെ വിട പറഞ്ഞ സംഗീതജ്ഞൻ മുല്ലക്കര സുഗുണൻ. അർബുദത്തിന്റെ വേദനയ്ക്കിടയിലും അവസാന കാലം വരെയും പ്രായ ഭേദമെന്യേ നിരവധി ശിഷ്യരെയാണ് സുഗുണൻ മാഷ് തൊടുപുഴ-മണക്കാട് റൂട്ടിൽ പ്രവർത്തിക്കുന്ന 'സ്വരലയ" വീട്ടിലും തൊട്ടടുത്ത് പ്രവർത്തിക്കുന്ന രാഗസുധ എന്ന പഠന കേന്ദ്രത്തിലുമായി സംഗീതം പഠിപ്പിച്ചിരുന്നത്. ഓൺലൈനിലും ഗുരുമുഖത്തു നിന്ന് നേരിട്ടു പഠിക്കാനുമായി രാജ്യത്തിന് പുറത്തു നിന്നു പോലും നിരവധി പേരാണ് ഇദ്ദേഹത്തെ സമീപിച്ചിരുന്നത്. നെടുങ്കണ്ടം ബാലഗ്രാം സ്വദേശിയായ ഈ 59കാരന്റെ ഒരുകാൽ എട്ടാം വയസിൽ പോളിയോ ബാധിച്ച് തളർന്നതാണ്. കഴിഞ്ഞ വർഷം ജൂലായിലാണ് അർബുദ രോഗ ബാധിതനാണെന്ന് അറിയുന്നത്. സംഗീതം ഒന്നുമാത്രമായിരുന്നു ക്യാൻസറിന്റെ വേദനയെ മറികടക്കാൻ സുഗുണൻ മാഷിനെ സഹായിച്ചത്. കീമോ തെറാപ്പി ചെയ്ത ദിവസം പോലും 12 മണിക്കൂറോളം സംഗീതമാലപിച്ചിരുന്നു അദ്ദേഹം. 12-ാം വയസിൽ തുടങ്ങിയ സംഗീതസപര്യ അദ്ദേഹത്തിന് സമ്മാനിച്ചത് ആറായിരത്തിലധികം ശിഷ്യന്മാരെയാണ്. 2020ലാണ് നെടുങ്കണ്ടത്ത് നിന്ന് തൊഴുപുഴയിലേക്ക് താമസം മാറുന്നത്. നെടുങ്കണ്ടത്ത് രാഗസുധ എന്ന പേരിലും കട്ടപ്പനയിൽ സുഹൃത്ത് ജോർജ്ജ്കുട്ടിക്കൊപ്പം സംഗീതഭവൻ എന്ന പേരിലും സംഗീത വിദ്യാലയങ്ങൾ നടത്തിയിരുന്നു. സഹോദരൻ മുല്ലക്കര രാധാകൃഷ്ണൻ കാഥികനായിരുന്നു. അച്ഛൻ സുബ്രഹ്മണ്യൻ ആചാരിയും അമ്മ പങ്കജാക്ഷിയും നന്നായി പാടുമായിരുന്നു. അവരുടെ കലാ പാരമ്പര്യമാണ് സുഗുണനും സഹോദരനും പകർന്നുകിട്ടിയത്. മകൾ ഹരിചന്ദന വയലിനിസ്റ്റാണ്. മകൻ ഹരികൃഷ്ണൻ മെക്കാനിക്കായി ജോലി ചെയ്യുന്നു. ഗീതയാണ് ഭാര്യ.