നെടുങ്കണ്ടം: ജില്ലാ കായികോത്സവത്തിന്റെ ഒന്നാം ദിനം തന്നെ മീറ്റ് റെക്കോർഡ് പിറന്നു.
പെരുവന്താനം സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ കെ.എസ്. കേദാർനാഥാണ് ജൂനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ മീറ്റ് റെക്കോർഡിട്ടു. 1.97 മീറ്റർ ചാടിയാണ് പെരുവന്താനം ഹൈറേഞ്ച് സ്‌പോർട്സ് അക്കാദമി താരം സ്വർണം നേടിയത്. പ്ലസ് വൺ വിദ്യാർത്ഥിയാണ്. മണിയാർ പൊലീസ് ക്യാമ്പിലെ ജീവനക്കാരൻ സനീഷിന്റെയും കായികാദ്ധ്യാപിക ബിനോഫയുടെയും മകനാണ്. അമ്മയാണ് കായിക രംഗത്തേക്ക് കേദാർനാഥിനെ കൊണ്ടുവന്നത്. സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ കാൽവരി മൗണ്ട് കാൽവരി എച്ച്.എസിലെ ദേവപ്രിയ ഷൈബു 12.45 സെക്കന്റിലാണ് ഒന്നാമതെത്തിയത്. ഇത് 38 വർഷം പഴക്കമുള്ള ജൂനിയർ സംസ്ഥാന റെക്കോർഡിനേക്കാൾ (12.70 ) മികച്ച സമയമാണ്. 80 മീറ്റർ ഹർഡിൽസിലും ഒന്നാമതെത്തി ആദ്യ ദിനം തന്നെ ഡബിൾ തികച്ചു. 200, 400 മീറ്റർ ഓട്ടത്തിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ 100 മീറ്ററിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയിരുന്നു. പൊതുപ്രവർത്തകനായ കാൽവരി മൗണ്ട് പാലത്തും തലയ്ക്കൽ ഷൈബുവിന്റെയും ബിസ്മിയുടെയും മകളാണ്. ചേച്ചി ദേവനന്ദയും മീറ്റിൽ മത്സരിക്കുന്നുണ്ട്.