നെടുങ്കണ്ടം: ജില്ലാ സ്‌കൂൾ കായിക മേളയിൽ കാണികൾ എത്താതിരുന്നത് മത്സരങ്ങളെ വിരസമാക്കി. പബ്ലിസിറ്റിയിലെ അപാകതയും പ്രതികൂല കാലാവസ്ഥയുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെ രാവിലെ മുതൽ മഴ പെയ്തതിനാൽ സമീപവാസികൾ പോലും മത്സരം കാണാൻ എത്തിയില്ല. മത്സരാർത്ഥികളും അദ്ധ്യാപകരും സംഘാടകരും വളരെ കുറച്ച് രക്ഷിതാക്കളും മാത്രമായിരുന്നു ഇന്നലെ ജില്ലാ സ്‌കൂൾ കായിക മേളയിലെ കാണികൾ. കഴിഞ്ഞ വർഷം ഇതേ സ്റ്റേഡിയത്തിൽ നടന്ന കായിക മേളയിൽ കാണികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. സമീപ സ്‌കൂളുകളിലെ വിദ്യാർത്ഥികളും പ്രദേശവാസികളുമടക്കം വലിയൊരു ജനക്കൂട്ടം തന്നെ മത്സരാർഥികൾക്ക് ആവേശം പകർന്നിരുന്നു. എന്നാൽ ഇത്തവണ ആളൊഴിഞ്ഞ ഗ്യാലറിയാണ് ഉണ്ടായിരുന്നത്.