നെടുങ്കണ്ടം: കോരിച്ചൊരിയുന്ന മഴയിലും ആവേശം തെല്ലും ചോരാതെ കൗമാര കായികമേളയ്ക്ക് നെടുങ്കണ്ടം സിന്തറ്റിക് ട്രാക്കിൽ കൊടിയേറി. കനത്ത മഴ മൂലം ഒരു മണിക്കൂറോളം വൈകിയാണ് മത്സരങ്ങൾ ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനം തുടങ്ങുന്നതിനു മുമ്പു തന്നെ ഗ്രൗണ്ടും പരിസരവും മഴയിൽ മുങ്ങി. ഉദ്ഘാടനത്തിന് അതിഥിയായെത്തിയ എം.എം. മണി എം.എൽ.എ ഉൾപ്പെടെ മഴയത്ത് മത്സരം നടത്തുന്നതിനെ വിമർശിക്കുകയും ചെയ്തു. മൂന്നു ദിവസത്തോളമായി ഇടുക്കി ജില്ലയിൽ മഴ മാറാതെ നിൽക്കുകയാണ്. ഇതിനിടയിലാണ് ഇന്നലെ റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയ്ക്കും തുടക്കമായത്. കായികാദ്ധ്യാപകരുടെ നിസഹരണത്തെ തുടർന്ന് ഉപജില്ലാ തലത്തിലുള്ള മത്സരങ്ങൾ വൈകിയതാണ് ജില്ലാ മത്സരം വൈകാൻ കാരണം. ഇത് പരക്കെ വിമർശനത്തിനും കാരണമായി. ഇന്നലെ ഉച്ചവരെ മഴ മാറാതെ നിന്നത് മത്സരങ്ങളുടെശോഭകെടുത്തി. സിന്തറ്റിക് ട്രാക്കിനു മദ്ധ്യഭാഗത്തുള്ള പ്രദേശം ചെളിയിൽ പുതഞ്ഞതോടെ ഷോട്ട് പുട്ട് അടക്കമുള്ള മത്സരങ്ങളും ചെളിക്കുണ്ടിലായി. മത്സരങ്ങൾക്കിടെ മഴ ശക്തമാകുമ്പോൾ മത്സാർത്ഥികളും അദ്ധ്യാപകരും മഴ നനയാതിരിക്കാൻ ഓടി മാറുന്നതും കാണാമായിരുന്നു. മഴ നനയാതിരിക്കാനുള്ള സംവിധാനങ്ങൾ അധികം ഇല്ലാതിരുന്നതും മത്സാർത്ഥികളെയും അദ്ധ്യാപകരെയും വലച്ചു. ജില്ലയിലെ ഏഴ് ഉപജില്ലകളിൽ നിന്നായി 2500 കായികതാരങ്ങളാണ് മേളയിൽ മികവിനായി പോരാടുന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സി. ഗീത പതാകയുയർത്തിയതോടെ മേളയ്ക്ക് തുടക്കമായി. തുടർന്ന് നടന്ന സമ്മേളനത്തിൽ എം.എം. മണി എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സി. ഗീത, നെടുങ്കണ്ടം എ.ഇ.ഒ സി. ജെൻസിമോൾ, ബിജു ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു. നൂറ് മീറ്റർ ഓട്ടത്തോടെയാണ് ട്രാക്കിലെ മത്സരങ്ങൾ ആരംഭിച്ചത്. തുടർന്ന് 600 മീറ്റർ ഓട്ടം, വിവിധ വിഭാഗങ്ങളിൽ ഹർഡിൽസ്, 4 ഃ 100 മീറ്റർ റിലേ, 3000 മീറ്റർ ഓട്ടം, ലോങ് ജമ്പ്, ഷോട്പുട്ട്, ഹൈജമ്പ്, ഡിസ്‌കസ് ത്രോ തുടങ്ങിയ മത്സരങ്ങളാണ് ഇന്നലെ നടന്നത്.


മഴയത്ത് മത്സരം നടത്തുന്നതിനെ വിമർശിച്ച് എം.എം. മണി

ഇന്നലെ രാവിലെ മുതൽ പെയ്ത കനത്ത മഴയ്ക്കിടെ ഉദ്ഘാടനത്തിനെത്തിയ എം.എം. മണി എം.എൽ.എ മഴയിൽ മത്സരങ്ങൾ നടത്തിയതിനെതിരെ വിമർശനം ഉന്നയിച്ചു. മഴ മുന്നറിയിപ്പ് ഉണ്ടായിട്ടും റവന്യൂ ജില്ലാ കായികമേള നടത്തുന്നതിൽ തനിക്ക് എതിർപ്പുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ നല്ല കാലാവസ്ഥയായിരുന്നു. മഴ നനഞ്ഞ് കുട്ടികൾക്ക് വല്ല ടൈഫോർഡും പിടിച്ചാൽ ആര് സമാധാനം പറയുമെന്നും എം.എൽ.എ ചോദിച്ചു.