നെടുങ്കണ്ടം: കായിക മേളയുടെ ആദ്യ ദിനം എതിരാളികളെ ഏറെ പിന്നിലാക്കി കട്ടപ്പന ഉപജില്ലയുടെ കുതിപ്പ്. 142 പോയിന്റാണ് ഇന്നലെ കട്ടപ്പന ഉപജില്ല നേടിയത്. രണ്ടാം സ്ഥാനത്തുള്ള അടിമാലി ഉപജില്ലയ്ക്ക് 80 പോയിന്റിൽ തൃപ്തിപെടേണ്ടി വന്നു. തൊടുപുഴ ഉപജില്ല 56 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ഒരു പോയിന്റ് മാത്രം നേടിയ മൂന്നാർ ഉപജില്ലയിലാണ് പോയിന്റ് പട്ടികയിൽ ഏറെ പിന്നിൽ. സ്‌കൂൾ തലത്തിൽ കാൽവരിമൗണ്ട് സി.എച്ച്.എസാണ് മുന്നിൽ. ഏഴ് സ്വർണവും മൂന്ന് വീതം വെള്ളിയും വെങ്കലവും നേടി 47 പോയിന്റോടെയാണ് കട്ടപ്പന ഉപജില്ലയിൽപെട്ട കാൽവരിമൗണ്ട് സ്‌കൂളിന്റെ കുതിപ്പ്. അടിമാലി ഉപജില്ലയിൽപെട്ട എസ്.എൻ.വി.എച്ച്.എസ്.എസ്. എൻ.ആർ. സിറ്റിയാണ് പോയിന്റ് പട്ടികയിൽ രണ്ടാമത്. രണ്ട് സ്വർണം, നാല് വെള്ളി, ഏഴ് വെങ്കലം എന്നിങ്ങനെ 29 പോയിന്റാണ് സ്‌കൂളിനുള്ളത്. 18 പോയിന്റ് നേടിയ സെന്റ് ജോസഫ് എച്ച്.എസ്.എസ്. കരിമണ്ണൂരിന് ഒരു സ്വർണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവും ലഭിച്ചിട്ടുണ്ട്.