തൊടുപുഴ: സി.ബി.എസ്.ഇ സെൻട്രൽ സഹോദയ കലോത്സവ നഗരിയിലെ ഏറെ ശ്രദ്ധയാകർഷിച്ച മത്സരയിനമായിരുന്നു നാടക വേദി. നിരവധി സ്‌കൂളുകൾ വാശിയോടെ മത്സരിച്ച വേദിക്ക് മുമ്പിൽ നാടകം കാണാനും കാണികൾ ഏറെയായിരുന്നു. എട്ടു ടീമുകളുടെ വാശിയേറിയ മത്സരത്തിൽ വാഴക്കുളം കാർമൽ പബ്ലിക് സ്‌കൂളും കൊടുവേലി സാൻജോസ് പബ്ലിക് സ്‌കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. ആതിഥേയരായ വിമല പബ്ലിക് സ്‌കൂളിനാണ് രണ്ടാം സ്ഥാനം. യുദ്ധമുഖവും യുദ്ധമുഖത്ത് മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദനയും മക്കൾക്ക് രാജ്യം വീതിച്ചു നൽകിയ കിങ്ലിയർ രാജാവിന്റെ കഥയും മനുഷ്യ കുഞ്ഞിനെ പരീഷണ വിധേയനാക്കിയ ശാസത്രഞ്ജന്റെ കഥയും ശ്രദ്ധ നേടി.
വിമല പബ്ലിക് സ്‌കൂളിലെ എൻട്രൻസിലുള്ള രണ്ടാം വേദിയിലായിരുന്നു നാടക മത്സരങ്ങൾ അരങ്ങേറിയത്. ഒന്നാം സ്ഥാനം പങ്കിട്ട വാഴക്കുളം കാർമൽ പബ്ലിക് സ്‌കൂളിന്റെയും കൊടുവേലി സാൻജോസ് പബ്ലിക് സ്‌കൂളിന്റെയും നാടക സംവിധാനവും രചനയും നിർവഹിച്ചത് ഫാ. സിജു പോൾ സി.എം.ഐയാണ്.