മുന്നേറ്റം തുടർന്ന് മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്‌കൂൾ
തൊടുപുഴ: സെൻട്രൽ കേരള സഹോദയ കലോത്സവം സ്വർഗധ്വനി 2025ന് ഇന്ന് കൊടിയിറക്കം. രണ്ടു ദിനം പിന്നിട്ടപ്പോൾ കലോത്സവ നഗരിയിലെ വിവിധ വേദികളിൽ ആവേശം നിറഞ്ഞ പോരാട്ടം അരങ്ങേറുകയാണ്. 683 പോയിന്റ് നേടി മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്‌കൂൾ ജൈത്ര യാത്ര തുടരുകയാണ്. 621 പോയിന്റോടെ വാഴക്കുളം കാർമൽ പബ്ലിക് സ്‌കൂൾ രണ്ടാമതും, 513 പോയിന്റുമായി ആതിഥേയരായ വിമല പബ്ലിക് സ്‌കൂൾ മൂന്നാം സ്ഥാനത്തും ശക്തമായ പോരാട്ടം കാഴ്ച വയ്ക്കുന്നു. നാലാം സ്ഥാനത്തുള്ള തൊടുപുഴ ഡിപോൾ പബ്ലിക് സ്‌കൂളിന് 451 ഉം തൊട്ടുപിന്നിലുള്ള കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂളിന് 446 പോയിന്റും വാളകം ബ്രൈറ്റ് പബ്ലിക് സ്‌കൂളിന് 426 പോയിന്റുമുണ്ട്. ഇന്ന് പ്രധാനമായും ഒപ്പന, ദഫ്മുട്ട്, കുച്ചിപ്പുടി, കോൽകളി തുടങ്ങിയ മത്സരങ്ങളാണ് നടക്കുക. വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ കേരള ചലച്ചിത്ര നാടക അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ വിജയികളെ ആദരിക്കും. തൊടുപുഴ ഡിവൈ.എസ്.പി പി.കെ സാബു മുഖ്യപ്രഭാഷണം നടത്തും. നാലു കാറ്റഗറികൾ തിരിച്ചാണ് മത്സരങ്ങൾ നടന്നു വരുന്നത്. ഓവറോൾ ചാമ്പ്യൻഷിപ്പിന് പുറമെ സെക്കൻഡറി സ്‌കൂളുകൾക്കായി പ്രത്യേക അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്.