കട്ടപ്പന :നഗരസഭ വികസന സദസ് ബഹിഷ്‌കരിച്ച് യു.ഡിഎഫ് ഭരണസമിതി. ഇടതുപക്ഷ സർക്കാരിന്റെ വിലകുറഞ്ഞ പബ്ലിസിറ്റിക്കുവേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വികസന സദസ് നടത്തണമെന്ന സർക്കാർ തീരുമാനം രാഷ്ട്രീയപ്രേരിതമാണ്. സദസ് നഗരസഭയിൽ നടത്തേണ്ടതില്ലെന്നാണ് കൗൺസിൽ തീരുമാനം. സദസ് സംഘടിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരുടെ മേൽ ഇടതുപക്ഷ സഹകരണത്തോടെ സമ്മർദ്ദം ചെലുത്തുന്ന ഉദ്യോഗസ്ഥ മേധാവികളുടെ നീക്കം ജനാധിപത്യമൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് കമ്മിറ്റി ആരോപിച്ചു. നഗരസഭയ്ക്ക് ഇല്ലാത്തൊരു പ്രോജക്ടിന്റെ പേരിൽ ഉദ്യോഗസ്ഥരെ കരുവാക്കി നടത്തുന്ന പരിപാടികൾക്ക് നഗരസഭ ഭരണസമിതിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. നഗരസഭാ ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ സേനാംഗങ്ങൾ, നഗരസഭ ചെയർപേഴ്സൺ എന്നിവരെ ഭീഷണിപ്പെടുത്തി പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിന് ഉദ്യോഗതലത്തിൽ നടക്കുന്ന നീക്കങ്ങൾ ഒരിക്കലും നീതീകരിക്കാൻ കഴിയുന്നതല്ല. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ ഇടതുസർക്കാരിന്റെ സദസിന്റെ ആവശ്യമില്ലെന്നും അതിനുള്ള സംഘടനാസംവിധാനം ഐക്യജനാധിപത്യ മുന്നണിക്കുണ്ടെന്നും ഭരണസമിതി പറഞ്ഞു. വികസന സദസ് എന്ന തട്ടിപ്പിൽ പങ്കെടുത്ത് വഞ്ചിതരാകാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ചെയർപേഴ്സൺ ബീന ടോമി, വൈസ് ചെയർപേഴ്സൺ അഡ്വ. കെ ജെ ബെന്നി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിബി പാറപ്പായി, ജാൻസി ബേബി, ഐബിമോൾ രാജൻ, ലീലാമ്മ ബേബി, സിജു ചക്കുംമൂട്ടിൽ എന്നിവർ പറഞ്ഞു.