തൊടുപുഴ: കലോത്സവത്തിൽ മോഹിനിയാട്ടം (കാറ്റഗറി- 4 ) മത്സര ഫലപ്രഖ്യാപനം വിധികർത്താക്കൾക്ക് ഏറെ ശ്രമകരമായിരുന്നു. വാശിയേറിയ മത്സരത്തിന് ഒടുവിൽ രണ്ട് പേർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. തൊടുപുഴ ഡീപോൾ പബ്ലിക് സ്‌കൂളിലെ ആദിത്യ ബിജുവും മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്‌കൂളിലെ കീർത്തന സുദീപുമാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. കുടയത്തൂർ അറയ്ക്കകുന്നേൽ ബിജു - അനു ദമ്പതികളുടെ മകളാണ് ആദിത്യ. അഞ്ചാം ക്ലാസിനു ശേഷം കലോത്സവ വേദിയിൽ എത്തിയ ആദിത്യ ഏക ഇനത്തിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയപ്പോൾ കീർത്തനക്കിത് തുടർച്ചയായി നാലാം വർഷമാണ് ഒന്നാം സ്ഥാനം ലഭിക്കുന്നത്. തൊടുപുഴ ഡീപോൾ പബ്ലിക് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ആദിത്യ ഗുരുവായ ഷൈബി കൃഷ്ണയുടെ കീഴിൽ മൂന്നാം വയസു മുതലാണ് നൃത്ത പരിശീലനം തുടങ്ങിയത്. കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം എന്നിവയും പരിശീലിക്കുന്നുണ്ട് ആദിത്യ. മൂവാറ്റുപുഴ മേക്കടമ്പ് സ്വദേശിയാണ് കീർത്തന. ജയ്സി സുദീപ് ആണ് അമ്മ. നാല് വർഷം തുടർച്ചയായി കലോത്സവത്തിൽ മോഹിനിയാട്ടത്തിന് ഒന്നാം സ്ഥാനം നേടിയത് കീർത്തനയാണ്.13 വർഷമായി നൃത്തം അഭ്യസിക്കുന്ന കീർത്തന കലാമണ്ഡലം അഞ്ജലി സുനിലിന്റെ ശിക്ഷ്യയാണ്. കുമുദിനി വർണ്ണമാണ് വേദിയിൽ അവതരിപ്പിച്ചത്. മോഹിനിയാട്ടം കൂടാതെ കുച്ചിപ്പുടി മത്സരത്തിലും പങ്കെടുക്കുന്നുണ്ട്. കലോത്സവത്തിന്റെ ആദ്യ ദിനം കാറ്റഗറി - 4 ഭരതനാട്യം മത്സരത്തിൽ രണ്ടാം സ്ഥാനം കീർത്തനക്ക് ലഭിച്ചിരുന്നു. ഇന്ന് കുച്ചിപ്പുടിയിലും മത്സരിക്കുന്നുണ്ട്. ആദിത്യ അർജുനന്റെ പെൺ വേഷമായ ബൃഹന്തളയോ ആദിതാളത്തിൽ ആടിയും കീർത്തന ബാല മുരുകന്റെയും കുമുദിനി ദേവിയുടെയും കഥ വേദിയിൽ അവതരിപ്പിച്ചുമാണ് ഒന്നാം സ്ഥാനം പങ്കിട്ടെടുത്തത്.