കട്ടപ്പന: റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയുടെ രണ്ടാനം ദിനം 32 സ്വർണവും, 27 വെള്ളിയും, 16 വെങ്കലവുമായി 283 പോയിന്റ് നേടി കട്ടപ്പന ഉപജില്ല മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള അടിമാലി ഉപജില്ല 16 സ്വർണവും, 18 വെള്ളിയും, 18 വെങ്കലവും നേടി 164 പോയിന്റിൽ എത്തി. പീരുമേട് ഉപജില്ല 80 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ഒരു പോയിന്റ് മാത്രം നേടിയ മൂന്നാർ ഉപജില്ലയിലാണ് പോയിന്റ് പട്ടികയിൽ ഏറെ പിന്നിലുള്ളത്. സ്‌കൂൾ തലത്തിൽ കാൽവരിമൗണ്ട് സി.എച്ച്.എസ് ആധിപത്യം തുടരുകയാണ്. 13 സ്വർണവും, 12 വെള്ളിയും, മൂന്ന് വെങ്കലവും നേടി 104 പോയിന്റോടെയാണ് മുന്നേറ്റം തുടരുന്നത്. അടിമാലി ഉപജില്ലയിലെ എസ്.എൻ.വി.എച്ച്.എസ്.എസ്. എൻ.ആർ. സിറ്റിയാണ് പോയിന്റ് പട്ടികയിൽ രണ്ടാമത്. എട്ട് സ്വർണം, 10 വെള്ളി, 13 വെങ്കലം എന്നിങ്ങനെ 83 പോയിന്റാണ് സ്‌കുളിനുള്ളത്. 52 പോയിന്റ് നേടി മൂന്നാം സ്ഥാനത്തുള്ള സെന്റ് തോമസ് എച്ച്.എസ്.എസ്. ഇരട്ടയാറിന് എട്ട് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും ലഭിച്ചിട്ടുണ്ട്. മത്സരങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് അവസാനിക്കും.

ശബ്ദ സാനിദ്ധ്യമായി റെയിസൺ

കട്ടപ്പന: കായികാധ്യാപനത്തിൽ നിന്നും ഔദ്യോഗികമായി വിരമിച്ചെങ്കിലും കായികമേളയിൽ ശബ്ദ സാനിഥ്യമായി റെയ്സൺ പി. ജോസഫ്. കഴിഞ്ഞ 18 വർഷമായി കായിക മേളയുടെ അനൗൺസറാണ് അദ്ദേഹം. ഔദ്യോഗിക ചുമതലകളുടെ ബന്ധനങ്ങളില്ലെങ്കിലും ഇത്തവണയും ആ പതിവിന് മാറ്റമുണ്ടായില്ല. സാഹചര്യങ്ങൾക്കനുസരിച്ച് ശബ്ദം ഉയർത്തിയും താഴ്ത്തിയും സ്‌നേഹത്തിന്റെ ഭാഷയും കാർക്കശ്യത്തിന്റെ സ്വരവും ഒരുമിപ്പിച്ചും കായികതാരങ്ങളെയും പരിശീലകരെയും നിയന്ത്രിക്കുന്നതിൽ ഒരു പ്രത്യേക കഴിവാണ് അദ്ദേഹത്തിനുള്ളത്. 1991ൽ ആലപ്പുഴ ജില്ലയിലെ കല്യാണശേരി ഗവ. യു.പി.സ്‌കൂളിലാണ് സർവീസിന് തുടക്കംകുറിച്ചത്. 1996ൽ ഇടുക്കി ജില്ലയിലെ ചെമ്പകപ്പാറ ഗവ.ഹൈസ്‌കൂളിൽ സേവനം ആരംഭിച്ചതു മുതൽ ഇടുക്കി റവന്യൂ ജില്ലാ കായികമേളയുടെ ശബ്ദമാണ് റെയ്സൺ.