വിജ്ഞാപനം ഇറങ്ങി; 3 ലക്ഷം വീടുകൾ നിയമവിധേയമായി;
ചെറുതോണി: ഭൂ പതിവ് ചട്ട രൂപീകരണം വിജ്ഞാപനമായി പുറത്തിറങ്ങി. ഇടുക്കി ജില്ലയിലെ 13 ലക്ഷം ജനങ്ങളുടെയും സ്വതന്ത്ര ജീവിതം കേരള സർക്കാരിന്റെയും നിയമ വ്യവസ്ഥയുടെയും അനുമതിയോടെ ആണെന്ന ചരിത്ര പ്രഖ്യാപനമാണ് കേരള ഗസറ്റ് വിജ്ഞാപനത്തിലൂടെ പുറത്തു വന്നിട്ടുള്ളതെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മറ്റി . 1960 മുതൽ കുടിയേറ്റ കർഷകർ നേരിടേണ്ടി വന്ന അപമാനത്തിനും ആക്ഷേപത്തിനും അവസാനം കുറിച്ച് ജനകീയ സർക്കാർ മലയോര ജനതയെ ഉള്ളം കയ്യിലുയർത്തി ലോക ജനതയ്ക്കു മുമ്പിൽ അഭിമാനത്തോടെ ജീവിക്കാൻ അവസരം ഒരുക്കുന്ന അസാധാരണ തീരുമാനം ആണ് സർക്കാർ വിജ്ഞാപനത്തിലൂടെ പുറത്തു വന്നിട്ടുള്ളത്. 3 ലക്ഷത്തോളം വീടുകളിൽ താമസിക്കുന്ന മനുഷ്യരെ അനധികൃത നിർമ്മാണക്കാരെന്ന് അധിക്ഷേപിച്ച കപട പരിസ്ഥിതി സംഘടനകൾക്കും ഒത്താശ പാടിയവർക്കും ഇടതുപക്ഷ സർക്കാരിന്റെ ചങ്കുറപ്പുള്ള തീരുമാനം മുഖത്തേറ്റ അടിയാണ്. .കടകളുടെ വിസ്തൃതി നോക്കാതെ, കെട്ടിടത്തിന്റെ അളവ് നോക്കാതെ എല്ലാ വ്യാപാരികൾക്കും പട്ടയം എന്ന മഹത്തായ ആശയമാണ് സർക്കാർ നടപ്പാക്കുന്നത്.
ഇടുക്കിയിൽ ചേർന്ന എൽഡിഎഫ് യോഗത്തിൽ കൺവീനർ കെ.സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സി.വി. വർഗീസ്, ജോസ് പാലത്തിനാൽ, അഡ്വ. കെ.ടി. മൈക്കിൾ, കെ.എൻ. റോയി, കോയ അമ്പാട്ട്, സിബി മൂലേപ്പറമ്പിൽ, രതീഷ് അത്തിക്കൽ, സി.എസ്. രാജേന്ദ്രൻ, കെ.എം. ജബ്ബാർ, ജോണി ചെരിവുപറമ്പിൽ എന്നിവർ സംസാരിച്ചു.