മുതലക്കോടം: ജയ്‌ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാന നാടകോത്സവത്തിന് ഇന്ന് തുടക്കമാകും. 19 മുതൽ 22 വരെ വൈകിട്ട് 7ന് തൊടുപുഴ ടൗൺ ഹാളിലാണ് പരിപാടിയെന്ന് ലൈബ്രറി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ നാല് പ്രമുഖ പ്രൊഫഷണൽ സമിതികളുടെ നാടകങ്ങളാണ് ഈ വർഷം അവതരിപ്പിക്കുന്നത്. നാടകോത്സവത്തിന്റെ ഉദ്ഘാടനം വൈകിട്ട് 5.30ന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു നിർവഹിക്കും. തൊടുപുഴ മുൻസിപ്പൽ ചെയർമാൻ കെ. ദീപക് അദ്ധ്യക്ഷത വഹിക്കും. നാടക സംവിധായകൻ മനോജ് നാരായണൻ മുഖ്യപ്രഭാഷണം നടത്തും. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സനു കൃഷ്ണൻ, നഗരസഭാ കൗൺസിലർ അഡ്വ. ജോസഫ് ജോൺ എന്നിവർ പ്രസംഗിക്കും. ജയ്‌ഹിന്ദ് ലൈബ്രറി ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ സാഹിത്യ പുരസ്‌കാരം 15001 രൂപയും ഫലകവും പ്രശസ്തി പത്രവും പ്രമുഖ കവി വീരാൻകുട്ടി പുരസ്‌കാര ജേതാവ് ദിവാകരൻ വിഷ്ണുമംഗലത്തിന് നൽകി ആദരിക്കും. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച് പരിഗണനയ്ക്ക് വന്ന നൂറോളം കവിത സമാഹരങ്ങളിൽ നിന്ന് കവികളായ പി. രാമൻ, എം.ആർ. രേണുകുമാർ, നിരൂപകൻ ഡോ. എൻ. അജയകുമാർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണ്ണയിച്ചത്. ഒന്നാം ദിവസം തിരുവനന്തപുരം ഡ്രീം കേരളയുടെ അകത്തേക്ക് തുറന്നിട്ട വാതിൽ, രണ്ടാം ദിവസം കോഴിക്കോട് സങ്കീർത്തനയുടെ കാലം പറക്കാണ്, മൂന്നാം ദിവസം കാഞ്ഞിരപ്പള്ളിയുടെ അമലയുടെ ഒറ്റ, നാലാം ദിവസം കായംകുളം പീപ്പിൾ തീയറ്റേഴ്സിന്റെ അങ്ങാടിക്കുരുവികൾ എന്നീ നാടകങ്ങ
ളാണ് അവതരിപ്പിക്കുന്നത്. ഒരു നാടകത്തിന് 200 രൂപയാണ് ടിക്കറ്റ് നിരക്ക്. വാർത്താ സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ, സെക്രട്ടറി പി.ആർ. വിശ്വൻ, എ.പി. കാസിൻ, പബ്ലിസിറ്റി കൺവീനർ വിനോദ് പുഷ്പാംഗദൻ എന്നിവർ പങ്കെടുത്തു.