കുമളി: കനത്ത മഴയിൽ കുമളിയിൽ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. തുടർച്ചയായി പെയ്ത മഴയിൽ തോടുകൾ നിറഞ്ഞൊഴുകി. കുമളി ടൗൺ, ഹോളിഡേ ഹോം പരിസരം, വലിയകണ്ടം, ഒന്നാംമൈൽ, പെരിയാർ നഗർ എന്നിവിടങ്ങളിൽ നാശനഷ്ടമുണ്ടായി. ഹോളിഡേ ഹോമിന് സമീപം വീട്ടിൽ കുടുങ്ങിയ നാലംഗ കുടുംബത്തെ നാട്ടുകാരും പൊലീസും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. നന്ദനം വീട്ടിൽ കണ്ണൻ, ഭാര്യ ഷീന, മക്കളായ അനന്യ, അമയ എന്നിവരാണ് വീട്ടിൽ കുടുങ്ങിയത്. വെള്ളി രാത്രി 11നാണ് ഇവിടെ വെള്ളം അതിശക്തമായി ഉയർന്നത്. ഉടൻതന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് കാരണം വീടിനടുത്ത് എത്താൻ സാധിച്ചില്ല. കണ്ണന്റെ വീട്ടിൽ വെള്ളം കയറിയതിനോടൊപ്പം പാമ്പും മറ്റ് ഇഴജന്തുക്കളും കയറി. തുടർന്ന് രണ്ട് മക്കളോടൊപ്പം ദമ്പതികൾ കട്ടിലിൽ കയറി രക്ഷപ്രാപിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും കുമളി പൊലീസും ചേർന്ന് വടംകെട്ടി സാഹസികമായാണ് ഇവരെ രക്ഷപ്പെടുത്തിയത്. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആളുകളെയെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.