കുമളി: ആദ്യമായി ഒറ്റ ദിവസം കൊണ്ട് ആറടിയോളം ജലനിരപ്പ് ഉയർന്നതിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ 13 ഷട്ടറുകളും ഉയർത്തി പെരിയാറ്റിലേക്ക് വെള്ളം തുറന്നു വിട്ടു. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പിൽ 24 മണിക്കൂറിനുള്ളിൽ 5.75 അടി വെള്ളം ഉയർന്നിരുന്നു. ഇന്നലെ രാവിലെ ഒമ്പതിന് അണക്കെട്ടിന്റെ വശത്തുള്ള മൂന്ന് ഷട്ടറുകൾ 75 സെന്റീമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 1078 ഘനയടി വീതം വെള്ളമാണ് ആദ്യം ഒഴുക്കിയത്. പിന്നീട് 13 ഷട്ടറുകളും നൂറ് സെറ്റീമീർ ഉയർത്തി 1400ഘന അടി ജലം തുറന്നു വിട്ടു. റൂൾ കർവ് പ്രകാരമുള്ള സംഭരണ ശേഷി പിന്നിട്ടതിനെ തുടർന്നാണ് ഇന്നലെ രാവിലെ ഒമ്പതിന് ആദ്യഘട്ടമായി മൂന്ന് ഷട്ടറുകൾ ഉയർത്തിയത്. റൂൾ കർവ് പ്രകാരം 20 വരെ തമിഴ്നാടിന് അണക്കെട്ടിൽ 137.75 അടി വെള്ളം മാത്രമാണ് ശേഖരിക്കാൻ കഴിയുന്നത്. എന്നാൽ ഇന്നലെ രാവിലെ ആറിന് തന്നെ ജലനിരപ്പ് 137.80 അടി എത്തിയിരുന്നു. രാവിലെ 11ന് 13 ഷട്ടറുകൾ കൂടി ഉയർത്തി സെക്കൻഡിൽ 1400 ഘനയടി വീതം വെള്ളം പെരിയാറിലേക്ക് ഒഴുക്കി. ഒടുവിൽ ലഭിച്ച കണക്ക് പ്രകാരം 138.9 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 8705 ഘനയടി ജലമാണ് അണക്കെട്ടിലേയ്ക്ക് ഒഴുകി എത്തുന്നത്. വനപ്രദേശത്ത് ശക്തമായി പെയ്ത മഴയും വൃഷ്ടിപ്രദേശത്ത് നിന്ന് ഒഴുകിയെത്തിയ ജലവും അതിവേഗം ജലനിരപ്പ് ഉയരാൻ കാരണമായി.