തൊടുപുഴ: വെള്ളി രാത്രി മുഴുവൻ പെയ്ത പ്രളയസമാന പേമാരിയിൽ ഹൈറേഞ്ചിൽ വ്യാപക നാശം. വെള്ളി വൈകിട്ട് പെയ്തു തുടങ്ങിയ മഴ അർദ്ധരാത്രിയോടെ അതി ശക്തമാവുകയായിരുന്നു. പുലർച്ചയോടെ കൂട്ടാർ, തൂക്കുപാലം, മുണ്ടിയെരുമ, ബാലഗ്രാം, കോമ്പയാർ, താന്നിമൂട് തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കൂട്ടാറിൽ നിന്ന് ഒരു ട്രാവലറും ബൊലോറയും കാറും ബൈക്കും ഒഴുക്കിൽ പെട്ടു. പുഴയും സമീപ റോഡുകളും പൂർണ്ണമായും നികന്നായിരുന്നു വെള്ളം ഒഴുകിയത്. വെള്ളം ഉയർന്ന മേഖലകളിൽ കഴിഞ്ഞിരുന്നവരെ നാട്ടുകാർ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മറ്റുകയായിരുന്നു. മുണ്ടിയെരുമയിൽ വീടിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് ഒരു കുടുംബം വീടിന് മുകളിൽ അഭയം പ്രാപിച്ചെങ്കിലും പിന്നീട് വീട് പൂർണ്ണമായും മുങ്ങുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ സഹസികമായി ഇവരെ രക്ഷിച്ചു. കൂട്ടാറിൽ നിന്ന് ഗ്രാമീണ മേഖലയായ അല്ലിയാറിലേക്കുള്ള ചപ്പാത്ത് തകർന്നു. അന്യാർതൊളുവിൽ വളർത്തു മൃഗങ്ങൾ ഒലിച്ചു പോയി. നിരപ്പേൽ കടയിൽ അരയേക്കറോളം കൃഷി ഭൂമി നശിച്ചു. കൂട്ടാറിൽ തെക്കേടത്ത് അരുണിന്റെ വീട് പൂർണ്ണമായും തകർന്നു. വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സാധനങ്ങളും നശിച്ചു. ബാലഗ്രാം ടൗൺ പൂർണ്ണമായും വെള്ളത്തിലായി. രാമക്കൽമേട്, വണ്ടൻമേട്, പാലാർ മേഖലയിൽ ഇടതടവില്ലാതെ മഴ പെയ്തതോടെയാണ് കല്ലാർ പുഴ കരകവിഞ്ഞത്. പുലർച്ചെ 4.15ന് കല്ലാർ ഡാം തുറന്നു. ഡാം തുറന്നെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞാണ് ജലനിരപ്പ് ക്രമാതീതമായത്. ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കി. ഡാമിൽ നിന്നുള്ള വെള്ളം പുറത്തേയ്ക് ഒഴുക്കിയതോടെ പച്ചടിയിൽ ഓട്ടോറിക്ഷ ഒഴുകി പോയി. തൂവൽ വെള്ളചാട്ടത്തിന്റെ വ്യൂ പോയിന്റിലെ നടപ്പാലത്തിലും വെള്ളം കയറി കേടുപാടുകൾ സംഭവിച്ചു. കല്ലാർ ഡാമിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തി ചിന്നാർ, ബഥേൽ ഭാഗങ്ങളിൽ വിവിധ പ്രദേശങ്ങളിലും വെള്ളം കയറി വിവിധ മേഖലകളിൽ മണികൂറുകളോളം ഗതാഗതം തടസപ്പെട്ടു.
താന്നിമൂട് ചാക്കോച്ചൻ പടിയിൽ 15 കുടുംബങ്ങൾ ഒറ്റപ്പെട്ടു. വീടുകൾക്ക് ചുറ്റും വെള്ളം കയറിയതോടെ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് നാട്ടുകാർ. ഒരു വീട് പൂർണ്ണമായും വെള്ളത്തിനടിയിലായി. രാമക്കൽമേട് വട്ടുപ്പാറ മുതൽ തൂക്കുപാലം, മുണ്ടിയെരുമ, താന്നിമൂട് വരെ പുഴയുടെ ഇരുകരകളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ദുരിത ബാദ്ധ്യത പ്രദേശങ്ങളിൽ മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ ഫിലിപ്പ് എന്നിവർ സന്ദർശനം നടത്തി.
മഴയുടെ അളവ്
ഉടുമ്പഞ്ചോല- 82.8 മില്ലി മീറ്റർ
പീരുമേട്- 28
ദേവികുളം- 35.4
ഇടുക്കി- 31.8
തൊടുപുഴ- 85.4
ശരാശരി- 52.68