കുമളി: ഫാമിലി ഹെൽത്ത് സെന്ററിലെ കേടായ ഉപകരണങ്ങൾക്ക് പുതുജീവനേകി വണ്ടിപ്പെരിയാർ ഗവൺമെന്റ് പോളിടെക്നിക് കോളേജ്. നാഷണൽ സർവീസ് സ്‌കീം ടെക്നിക്കൽ സെല്ലിന്റെ പുനർജനി പ്രൊജക്ടിന്റെ ഭാഗമായി നാല്പതോളം വോളണ്ടിയേഴ്സും അദ്ധ്യാപകരും ചേർന്നാണ് അഞ്ച് ലക്ഷം രൂപയുടെ കേടായ ഉപകരണങ്ങൾ നന്നാക്കിയത്. കുമളി ഫാമിലി ഹെൽത്ത് സെന്ററിലെ കേടു വന്നതും ഉപയോഗശൂന്യമായതുമായ വീൽചെയറുകൾ, സ്ട്രക്ച്ചറുകൾ, ഒ.പിയിൽ രോഗികൾക്ക് ഇരിക്കാനാവശ്യമായ എയർപോർട്ട് ചെയറുകൾ, ട്രോളികൾ എന്നിവയാണ് കഴിഞ്ഞ മൂന്നു ദിവസമായി നാല്പതോളം വോളണ്ടിയർമാർ ചേർന്ന് അറ്റകുറ്റപ്പണികൾ നടത്തിയത്. ഇതോടൊപ്പം തുരുമ്പെടുത്ത് ഉപേക്ഷിക്കാറായ അവസ്ഥയിലായിരുന്ന ഐവി ഫ്ളൂയിഡുകൾ, സ്‌ക്രീനുകൾ, ലോക്കറുകൾ കട്ടിലുകൾ എന്നിവ തുരുമ്പ് കളഞ്ഞ് ഉപയോഗ യോഗ്യമാക്കി. കുമളി ഫാമിലി ഹെൽത്ത് സെന്ററിൽ നടന്ന ക്യാമ്പ് കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പോളിടെക്നിക് പ്രിൻസിപ്പൽ ഇൻ ചാർജ് ജോൺസൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തി ഷാജിമോൻ വാർഡ് മെമ്പർമാരായ വിനോദ് ഗോപി, രമ്യ, ആശുപത്രി സൂപ്രണ്ട് ഡോ. സാറ ആൻ ജോർജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇർഷാദ് ഖാദർ, നഴ്സിങ് ഓഫീസർ മേഴ്സി ചാക്കോ, ഹെൽത്ത് ഇൻസ്‌പെക്ടർ പി. മാടസ്വാമി എന്നിവർ സംസാരിച്ചു.