nirmala
തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ കലോത്സവം സർഗ്ഗധ്വനി- 2025ൽ ഓവറോൾ കിരീടം നേടിയ മുവാറ്റുപുഴ നിർമ്മല സ്കൂളിന് ചലച്ചിത അക്കാഡമി ചെയർമാനും നടനുമായ പ്രേംകുമാർ ട്രോഫി നൽകുന്നു

 വാഴക്കുളം കാർമൽ പബ്ലിക് സ്‌കൂൾ ഓവറോൾ റണ്ണേഴ്സ് അപ്പ്

തൊടുപുഴ: കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തൊടുപുഴ വിമല പബ്ലിക് സ്‌കൂളിൽ ആവേശത്തിരയിളക്കം സൃഷ്ടിച്ച സെൻട്രൽ കേരള സഹോദയ കലോത്സവം സ്വർഗധ്വനി- 2025ന്റെ ഓവറോൾ കിരീടം മൂവാറ്റുപുഴ നിർമ്മലയ്ക്ക്. കലോത്സവ നഗരിയിലെ വിവിധ വേദികളിൽ ആവേശം നിറഞ്ഞ പോരാട്ടത്തിൽ വാഴക്കുളം കാർമ്മൽ പബ്ലിക് സ്‌കൂൾ ഓവറോൾ റണ്ണേഴ്സ് അപ്പായി. ആതിഥേയരായ വിമല പബ്ലിക് സ്‌കൂളിനാണ് മൂന്നാം സ്ഥാനം. 938 പോയിന്റ് നേടിയാണ് മൂവാറ്റുപുഴ നിർമ്മല ജേതാക്കളായത്. റണ്ണേഴ്സ് അപ്പായ വാഴക്കുളം കാർമൽ പബ്ലിക് സ്‌കൂളിന് 839 പോയിന്റ് ലഭിച്ചു. മൂന്നാം സ്ഥാനത്ത് എത്തിയ വിമല പബ്ലിക് സ്‌കൂളിന് 703 പോയിന്റ് ലഭിച്ചു. നാലാം സ്ഥാനത്തുള്ള വാളകം ബ്രൈറ്റ് പബ്ലിക് സ്‌കൂളിന് 591 പോയിന്റ് ലഭിച്ചപ്പോൾ 570 പോയിന്റുമായി തൊടുപുഴ ഡീപോൾ പബ്ലിക് സ്‌കൂൾ അഞ്ചാം സ്ഥാനത്തെത്തി. സമാപന സമ്മേളനത്തിൽ കേരള ചലച്ചിത്ര നാടക അക്കാഡമി ചെയർമാനും നടനുമായ പ്രേംകുമാർ വിജയികൾക്ക് ട്രോഫി കൈമാറി. തൊടുപുഴ ഡിവൈ.എസ്.പി പി.കെ. സാബു മുഖ്യപ്രഭാഷണം നടത്തി. ഫാ. മാത്യു കരിയത്തറ അദ്ധ്യക്ഷത വഹിച്ചു.