കട്ടപ്പന: ശാസ്താംനടയിൽ അമ്പതിലധികം വീടുകളിലും വണ്ടൻമേട് താഴത്തെ മാലിയിൽ 20 വീടുകളിലും വെള്ളം കയറി. ശാസ്താനടയ്ക്കു സമീപം ഉരുൾപൊട്ടി മൂന്നരയേക്കറിലെ ഏലം കൃഷി നശിച്ചു. ഉരുൾപൊട്ടിയെത്തിയ വെള്ളവും മഴവെള്ളവും ഒന്നിച്ചെത്തിയതോടെയാണ് പലയിടങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായത്. താഴത്തെ മാലിയിൽ വീടുകളിലേക്ക് കയറിയ വെള്ളം വേഗത്തിൽ ഉയർന്നതോടെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ ഫയർഫോഴ്സിന്റെ സഹായം തേടി. ഇവരെത്തെി ആളുകളെ മാറ്റുന്നതിനിടെ വീടിനുള്ളിൽ കട്ടിലിൽ കയറി നിന്നിട്ടും കഴുത്തിനൊപ്പം വെള്ളം ഉയർന്ന നിലയിൽ കണ്ടെത്തിയ സെൽവമണി, സിനിയമ്മ എന്നിവരെ രക്ഷിച്ച് സുരക്ഷിത കേന്ദ്രത്തിലാക്കി. കുമളി- മൂന്നാർ റോഡിൽ ശങ്കുരുണ്ടാൻ പാറയ്ക്ക് സമീപം രണ്ടിടങ്ങളിലും ചേറ്റുകുഴി- കമ്പംമെട്ട് റോഡിൽ ശങ്കരംകാനത്തിനു സമീപവും മണ്ണിടിഞ്ഞു വീണ് ഗതാഗതം മുടങ്ങി. പഴയ കൊച്ചറയിലെ കട്ടക്കളം വെള്ളത്തിനടിയിലായി. വാഹനങ്ങളും നിർമ്മാണ വസ്തുക്കളുമെല്ലാം നശിച്ചു. ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. പഴയ കൊച്ചറ മുകളേൽ രതീഷിന്റെ വീട് വെള്ളത്തിൽ മുങ്ങി. വീട്ടുപകരണങ്ങൾ പൂർണമായി നശിച്ചു. വാഹനങ്ങളും വെള്ളത്തിൽ മുങ്ങി നശിച്ചു. കൃഷിയിടത്തിൽ കെട്ടിയിട്ടിരുന്ന ചേറ്റുകുഴി പാലത്താനത്ത് ബിനുവിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് പോത്തുകൾ വെള്ളത്തിൽ മുങ്ങി ചത്തു.