തൊടുപുഴ: മത്സര ഇനങ്ങളിൽ എല്ലാം ഒന്നാം സ്ഥാനം ലഭിച്ച ക്രിസ്ലിൻ സജി കലോത്സവത്തിലെ താരമായി. കാറ്റഗറി- 3 ഭരതനാട്യം, നാടോടി നൃത്തം, കുച്ചിപ്പുടി എന്നീ ഇനങ്ങളിലാണ് മൂവാറ്റുപുഴ നിർമല പബ്ലിക് സ്‌കൂളിലെ ക്രിസ്ലിൻ സജി എതിരാളികളെ കീഴടക്കിയത്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഭരതനാട്യത്തിൽ സ്‌കൂൾ തലത്തിൽ ക്രിസ്ലിൻ സജി രണ്ടാം സ്ഥാനമായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് സെൻട്രൽ കേരളാ സഹോദയ കലോത്സവത്തിൽ പങ്കെടുക്കാൻ വിധി സമ്പാദിച്ചെത്തി ഒന്നാമതെത്തുകയായിരുന്നു. നാടോടി നൃത്തത്തിലും ഒന്നാം സ്ഥാനം നേടി ക്രിസ്ലിൻ എതിരാളികളെ കീഴടക്കിയിരുന്നു. താളപ്പെരുമ എന്ന പ്രമേയം അവതരിപ്പിച്ചാണ് ഈ മിടുക്കി നാടോടി നൃത്തത്തിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം കുച്ചിപ്പുടിയിലും അതിന് മുമ്പത്തെ വർഷം നാടോടി നൃത്തത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഇന്നലെ നടന്ന കുച്ചിപ്പുടിയിലും ഒന്നാമതെത്തിയാണ് വീണ്ടും താരമായത്. മൂവാറ്റുപുഴ ചക്രാംവേലിൽ സജി - നീന ദമ്പതികളുടെ മകളാണ്. സൂരജ് നായരാണ് ഗുരു.