കട്ടപ്പന: കനത്ത മഴയിൽ കല്ലാർമുക്ക്, മേലേചിന്നാർ, ബഥേൽ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. നെടുങ്കണ്ടം ഇരട്ടയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലാർമുക്ക് പാലം വാത്തിക്കുടി പഞ്ചായത്തിനെയും നെടുങ്കണ്ടം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ബഥേൽ കുരിശടിപാലം എന്നിവയുടെ അപ്രോച്ച് റോഡ് ഇടിഞ്ഞ് ഗതാഗതത്തിന് യോഗ്യമല്ലാതായി. വിവിധ നടപ്പാലങ്ങൾക്കടക്കം കേടുപാടികൾ സംഭവിച്ചിട്ടുണ്ട്. ഇരട്ടയാർ പഞ്ചായത്തിലെ കല്ലാർമുക്കിൽ താമസക്കാരായ തയ്യിൽ അപ്പച്ചന്റെ വീട്ടുപകരണങ്ങൾ, ഉണങ്ങാൻ ഇട്ടിരുന്ന ഒട്ടുപാൽ, റബർ ഷീറ്റ് എന്നിവയും വടകര ഓലിക്കൽ അനീഷിന്റെ കോഴി, താറാവ്, കന്നുകാലിക്കൂട് എന്നിവയും നഷ്ടപ്പെട്ടു. മേലേചിന്നാർ പ്ലാക്കൽ അജിയുടെ വീട്, ടൗണിലെ കള്ളുഷാപ്പ് എന്നിവിടങ്ങളിൽ ചെളിയും മണ്ണും നിറഞ്ഞു. ബഥേലിൽ ഗോപാലകൃഷ്ണന്റെ ചായക്കടയിലും നാശനഷ്ടമുണ്ടായി. ബഥേൽമഠത്തിന് സമീപം നിർമ്മാണം നടന്നുകൊണ്ടിരുന്ന ചെക്ഡാമിന്റെ നിർമ്മാണ സാമഗ്രികളും വെള്ളത്തിലായി. പ്രദേശത്ത് വ്യാപകമായ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.