kattappana
റവന്യൂ ജില്ലാ സ്കൂൾ കായകമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കട്ടപ്പന ഉപജില്ല

കട്ടപ്പന: മൂന്ന് ദിവസം നീണ്ടു നിന്ന 18-ാമത് റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയുടെ കിരീടം കട്ടപ്പനയ്ക്ക്. സ്‌കൂൾ തലത്തിൽ കാൽവരി മൗണ്ട് കാൽവരി എസ്.എച്ച് കപ്പ് നേടി. തീ പാറുന്ന പോരാട്ടങ്ങൾക്കൊടുവിൽ കാൽവരിമൗണ്ട്, ഇരട്ടയാർ സ്‌കൂളുകളുടെ കരുത്തിലാണ് കട്ടപ്പന ഉപജില്ല ചാമ്പ്യൻമാരായത്. 46 സ്വർണ്ണവും 37 വെള്ളിയും 21 വെങ്കലവുമായി 401 പോയിന്റ് നേടി മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കിയാണ് കട്ടപ്പന
ചാമ്പ്യൻ പട്ടം നിലനിർത്തിയത്. 23 സ്വർണ്ണവും 27 വെള്ളിയും 25 വെങ്കലവും നേടി 242 പോയിന്റുമായി അടിമാലി ഉപജില്ല റണ്ണേഴ്സ് അപ്പായി. 14 സ്വർണ്ണവും അഞ്ച് വെള്ളിയും 10 വെങ്കലവുമായി 106 പോയിന്റുമായി പീരുമേട് ഉപജില്ല മൂന്നാം സ്ഥാനവും നേടി. ഒരു പോയിന്റ് മാത്രം നേടിയ മൂന്നാർ ഉപജില്ലയിലാണ് പോയിന്റ് പട്ടികയിൽ ഏറ്റവും പിറകിൽ. സ്‌കൂൾ തലത്തിൽ കാൽവരിമൗണ്ട് സി.എച്ച്.എസ് ഇത്തവണയും കരുത്ത് കാട്ടി. 19 സ്വർണ്ണവും 19 വെള്ളിയും അഞ്ച് വെങ്കലവും നേടി 157 പോയിന്റോടെയാണ്
കാൽവരി സ്‌കൂൾ ഒന്നാമതെത്തിയത്. അടിമാലി ഉപജില്ലയിലെ എൻ.ആർ. സിറ്റി എസ്.എൻ.വി.എച്ച്.എസ്.എസ് 138 പോയിന്റ് നേടി കാൽവരി സ്‌കൂളിനെ വിറപ്പിച്ചാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 14 സ്വർണം, 17 വെള്ളി, 17 വെങ്കലം എന്നിവയാണ് ഇവർ നേടിയത്. പുലർച്ച വരെ പെയ്ത പെരുമഴ രാവിലെ ശമിച്ചതോടെയാണ് ഇന്നലെ മത്സരങ്ങൾ സുഗമമായി നടത്താനായത്. സമയബന്ധിതമായി തന്നെ മത്സരങ്ങൾ പൂർത്തിയാക്കാൻ സംഘാടകർക്ക് കഴിഞ്ഞു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിന് നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സി. ഗീത, പഞ്ചായത്തംഗങ്ങളായ എം.എസ്. മഹേശ്വരൻ, ലേഖ ത്യാഗരാജൻ എന്നിവർ പ്രസംഗിച്ചു.