നെടുങ്കണ്ടം: മലവെള്ളപ്പാച്ചിലെത്തിയപ്പോൾ ബന്ധുവിനൊപ്പം വീട്ടിൽ ഇറങ്ങി ഓടിയതിനാൽ സഹോദരിമാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണെങ്കിലും മുണ്ടിയെരുമ കൊല്ലനോലിൽ തടത്തിൽ മുഹമ്മദ് റാഫിയുടെ ഇളയ മക്കളായ അനീസയും അംനയും കഷ്ടപ്പെട്ട് നേടിയ സർട്ടിഫിക്കറ്റുകളും മറ്റ് വിലപ്പെട്ട രേഖകളും നനഞ്ഞു പോയതിന്റെ വിഷമത്തിലാണ്. ഇന്നലെ പുലർച്ചെയാണ് റാഫിയുടെ വീട്ടിൽ വെള്ളം കയറിയത്. റാഫിയും ഭാര്യയും ആലുവയിൽ പഠിക്കുന്ന മൂത്ത മകൾ ആദിലയെ കൂട്ടിക്കൊണ്ടുവരാനായി പോയിരിക്കുകയായിരുന്നു. കുട്ടികൾക്ക് കൂട്ടായി കുഞ്ഞത്ത താഹയും വീട്ടിലുണ്ടായിരുന്നു. വെള്ളം ഉയർന്നപ്പോൾ താഹ കുട്ടികളെയും കൂട്ടി പുറത്തേക്കോടി. വീട്ടിൽ നിന്ന് ഒന്നും എടുക്കാൻ കഴിഞ്ഞില്ല. കണ്ണടച്ച് തുറക്കും വേഗത്തിൽ വീട് മുങ്ങുന്നത് അവർ കണ്ടു. വീട്ടുപകരണങ്ങൾ എല്ലാം നശിച്ചു. കുട്ടികളുടെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും കുതിർന്ന് പോയി. വെള്ളമിറങ്ങിയപ്പോൾ സഹോദരിമാർ കുതിർന്ന സർട്ടിഫിക്കറ്റുകൾ കണ്ടെടുത്ത് വഴിയരികിൽ നിവർത്തിയിട്ട് ഉണക്കാൻ ശ്രമിച്ചു. പലതും പാടേ നശിച്ചിരുന്നു. അനീസ പ്ലസ് വണ്ണിലും അംന അഞ്ചിലുമാണ് പഠിക്കുന്നത്.