മൂന്നാർ: പട്ടിക വർഗ്ഗ സുസ്ഥിര വികസന പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ട്രൈബൽ പ്രീമിയർ ലീഗ് (ടി.പി.എൽ ) ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. 18, 19 തീയതികളിൽ മൂന്നാർ ഹൈ ആൾട്ടിറ്റൃൂഡ് ട്രെയിനിങ് സെന്റർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഫാൽക്കൺ വെള്ളിയാമറ്റം കിരീടം നേടി. ഫൈനലിൽ സി.കെ ബോയ്സ് ചിന്നക്കനാൽ ടീമിനെയാണ് പരാജയപ്പെടുത്തിയത്. ന്യൂ ഡ്രീംസ് മാങ്കുളം ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലയിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള യൂത്ത് ക്ലബ് അംഗങ്ങളുടെ കായികശേഷി പ്രോത്സാഹിപ്പിക്കുക, അവബോധം വളർത്തുക, കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. 18ന് നടന്ന ഉദ്ഘാടന ചടങ്ങ് കായിക ഉപകരണങ്ങൾ നൽകി മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് മണിമൊഴിയാണ് നിർവ്വഹിച്ചത്. ചെയർപേഴ്സൺ ഹേമലത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഭവ്യ കണ്ണൻ നറുക്കെടുപ്പ് നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ഡി.എം.സി എ. മണികണ്ഠൻ സ്വാഗതവും എ.ഡി.എം.സി ജി. ഷിബു നന്ദിയും പറഞ്ഞു.