പീരുമേട്: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകളും തുറന്നതോടെ വള്ളക്കടവ് പാലം, കറുപ്പു പാലം, കടശ്ശിക്കടവ്, മഞ്ജുമല ആറ്റോരം, തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന വീടുകളിലേക്ക് വെള്ളം കയറി. ഇന്നലെ രാവിലെ മുതൽ ഇവർ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലേക്ക് മാറി തുടങ്ങി. 2018ലെ മഹാപ്രളയത്തിന് ശേഷം ആദ്യമായാണ് ഈ വീടുകളിൽ വെള്ളം കയറുന്നത്. പ്രദേശത്ത് ശനിയും ഞായറും മഴ നന്നേ കുറവായിരുന്നു. മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ഇന്നലെയും പെയ്തു. ഇതോടെ ഭീതിയോടെയാണ് താഴ്ന്ന പ്രദേശങ്ങൾ താമസിക്കുന്നവർ കഴിയുന്നത്. ഇവിടങ്ങളിൽ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റാൻ അധികൃതർ നിർദ്ദേശം നൽകി. ഇപ്പോൾ മൂന്നു ക്യാമ്പുകളാണ് പഞ്ചായത്തിൽ ആരംഭിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹാൾ, മോഹന ഓഡിറ്റോറിയം, വള്ളക്കടവ് മുസ്ലിം ജമാഅത് പള്ളി എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. മൂങ്കലാർ വാർഡിൽ നിന്ന് ഒരു കുടുംബമാണ് ദുരിതാശ്വാസക്യാമ്പിൽ എത്തിയിരിക്കുന്നത്. സന്നദ്ധപ്രവർത്തകരായെത്തിയ ഡി.വൈ.എഫ്‌.ഐ പ്രവ‌ർത്തകർ വണ്ടിപ്പെരിയാർ താലൂക്ക് വണ്ടിപ്പെരിയാർ പ്രൈമർ സെന്ററിലെ മരുന്നുകൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

ഇന്നലെ രാവിലെ ഒമ്പതിനാണ് ഡാമിന്റെ 13 ഷട്ടറുകളും ഒന്നരമീറ്ററായി ഉയർത്തിയത്. ഇനിയും മഴ കനത്ത് അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചാൽ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടി വരും. ഇത് കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറാൻ ഇടയാക്കും.