രാജാക്കാട്: ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയതോടെ പൊന്മുടി അണക്കെട്ട് തുറന്നു. നടുവിലെ ഷട്ടർ 20 സെന്റീമീറ്ററാണ് ഉയർത്തിയത്. ഒരു സെക്കൻഡിൽ 15,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പന്നിയാർ പുഴയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഇത് ആറാം തവണയാണ് പൊന്മുടി അണക്കെട്ട് തുറക്കുന്നത്. രാത്രി കാലത്ത് ചെയ്യുന്ന അതിശക്തമായ മഴയെ തുടർന്ന് പന്നിയാർ പുഴയിലൂടെ പൊന്മുടി അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് വർദ്ധിക്കുകയായിരുന്നു. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 706 അടിയിൽ എത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വീണ്ടും ശക്തമായാൽ ബാക്കി രണ്ട് ഷട്ടറുകൾ ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്ന് അസിസ്റ്റന്റ് എൻജിനിയർ കെ.എൻ. രാജേഷ് പറഞ്ഞു. പന്നിയാർ ഇലട്രിക് പ്രോജക്ടിന്റെ ഭാഗമായുള്ള അണക്കെട്ടിൽ 707.75 അടിയാണ് പരമാവധി സംഭരണശേഷി. ഇപ്പോൾ 706 അടി വെള്ളമാണ് ഡാമിലുള്ളത്. ഈ വർഷം മെയ് 29 നാണ് ആദ്യമായി ഡാം തുറന്നത്.