പീരുമേട്: എസ്.എൻ.ഡി.പി യോഗം കുമളി ശാഖയുടെ ആഫീസിലും ആഡിറ്റോറിയത്തിലും കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ വെള്ളം ഇരച്ചുകയറി. ആഫീസിന്റെയും ആഡിറ്റോറിയത്തിന്റെയും മുകളിൽ ദേശീയപാതയ്ക്ക് അഭിമുഖമായുള്ള ഷോപ്പിംഗ് കോപ്ലക്സിൽ വെള്ളം കയറാതിരുന്നതിനാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ല. ശനിയാഴ്ച രാത്രി മുരുക്കടി അട്ടപ്പള്ളം പത്തുമുറി ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിലുണ്ടായ വെള്ളവും ചെളിമണ്ണുമാണ് ആഫീസിലും ഓഡിറ്റോറിയത്തിലുമടിഞ്ഞത്. ഇതോട് ചേർന്നുള്ള വനിതാ സംഘം ആഫീസും ചെളിമണ്ണ് നിറഞ്ഞു. ഇതുമൂലം ഞായറാഴ്ച നടക്കേണ്ട ബാലജനയോഗം ക്ലാസും കുടുംബയോഗങ്ങളും നടത്താൻ പറ്റിയില്ല. ഇതിനടുത്തുള്ള പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യരുടെ ഔഷധ നിർമ്മാണ ശാലയിലും വീട്ടിലും ചെളിവെള്ളവും നിറഞ്ഞു. പ്രസിഡന്റും കുടുംബവും ഉയരത്തിലുള്ള റോഡിൽ കയറിയതിനാൽ വലിയ അപകടം ഒഴിവായി. അദ്ദേഹത്തിന്റെ ഔഷധ നിർമ്മാണ ശാലയ്ക്ക് പത്തുലക്ഷം രൂപയുടെ നാശനഷ്ടം വന്നിട്ടുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ആർ. തിലകൻ, ഏരിയാ സെക്രട്ടറി എസ്. സാബു എന്നിവർ ശാഖാ ഓഫീസും ദുരന്ത സ്ഥലങ്ങളും സന്ദർശിച്ചു.