കട്ടപ്പന: ഹെഡ്‌ലോഡ് ആൻഡ് ടിംബർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കട്ടപ്പന ഇടുക്കിക്കവല യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് വി.ആർ. സജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ സാധാരണക്കാരുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ മന്ത്രി റോഷി അഗസ്റ്റിന്റെയും എം.എം. മണി എം.എൽ.എയുടെയും നേതൃത്വത്തിൽ കോടികളുടെ വികസനമെത്തിച്ചു. നിർമാണം അവസാനഘട്ടത്തിലെത്തിയ മലയോര ഹൈവേ ഹൈറേഞ്ചിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കും. ആരോഗ്യം, ടൂറിസം, പശ്ചാത്തലം തുടങ്ങി എല്ലാ മേഖലകളിലും വികസനം നടപ്പാക്കി. എന്നാൽ, യു.ഡി.എഫ് ഭരണത്തിലുള്ള കട്ടപ്പന നഗരസഭ സർക്കാരിന്റെ പദ്ധതികൾ അട്ടിമറിക്കുകയാണ്. കട്ടപ്പന നഗരസഭയിലുടനീളം കുടിവെള്ളമെത്തിക്കുന്ന ജലജീവൻ മിഷൻ പദ്ധതി മുടക്കാൻ ശ്രമിച്ചു. ജനങ്ങളെ ദ്രോഹിക്കുന്ന സമീപനമാണ് നഗരസഭ തുടരുന്നതെന്നും വി.ആർ. സജി കുറ്റപ്പെടുത്തി. യൂണിയൻ ഏരിയ കമ്മിറ്റിയംഗം വി.എ. ജോർജ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ടോമി ജോർജ്, പ്രസിഡന്റ് എം.ആർ. റെജി, ജില്ലാ ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എം.സി. ബിജു, സി.ആർ. മുരളി, കെ.എൻ. ചന്ദ്രൻ, പി.ബി. ഷിബുലാൽ, വി.സി സിബി എന്നിവർ സംസാരിച്ചു.