അടിമാലി: പള്ളിവാസൽ ഗ്രാമ പഞ്ചായത്തിന്റെ ഈ വർഷത്തെ വയോനിലാവ് ആയുർവേദ വയോജന പദ്ധതിയ്ക്ക് തുടക്കമായി. ആയുർവേദ ചികിത്സയിലൂടെ വയോജനങ്ങളുടെ അസ്ഥി, സന്ധി, നാഡീ സംബന്ധമായ അസുഖങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയുള്ള പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതാണ് വയോനിലാവ് പദ്ധതി. കല്ലാർ വട്ടിയാറിൽ പ്രവർത്തിക്കുന്ന ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ നിന്നുമാണ് ഇതിന്റെ പരിശോധനയും ചികിത്സയും ലഭ്യമാകുന്നത്. വയോനിലാവ് പദ്ധതിയുടെയും വയോജന പരിശോധനാ ക്യാമ്പിന്റെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ്‌കുമാർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.സി. ഷാജൻ അദ്ധ്യക്ഷത വഹിച്ചു. വയോനിലാവ് പദ്ധതിയുടെ ഭാഗമായ ബോധവത്കരണ ബാനർ ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.സി. ഷാജന് നൽകി പ്രസിഡന്റ് പ്രകാശനം ചെയ്തു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എം.എസ്. നൗഷാദ്, പൗർണ്ണി ലൈബ്രറി സെക്രട്ടറി രാജേഷ് എന്നിവർ സംസാരിച്ചു. ഡോ. എം.എസ്. നൗഷാദ് നേതൃത്വം നൽകിയ വയോജന പരിശോധനാ ക്യാമ്പിൽ ഡോ. ഹിമ ചന്ദ്രൻ, പാരാ മെഡിക്കൽ ജീവനക്കാരായ എൻ.കെ. ദിവ്യ, ടി.കെ. ബിജി എന്നിവർ പങ്കെടുത്തു.