കുമളി: ഹൈറേഞ്ച് ജനതയ്ക്ക് തീരാ ദുരിതം സമ്മാനിച്ച് തുടർച്ചയായ രണ്ടാം ദിവസവും തോരാതെ പേമാരി. മഴക്കെടുതിൽ ശനിയാഴ്ച രാത്രി ഒരാൾ മരിച്ചു. കുമളിയ്ക്ക് സമീപം വെള്ളാരംകുന്നിൽ ബൈക്ക് യാത്രക്കാരനായ വെള്ളാരംകുന്ന് പറപ്പള്ളിൽ തോമസാണ് (തങ്കച്ചൻ 66) മണ്ണിടിഞ്ഞ് വീണ ചെളിയിൽ അകപ്പെട്ട് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയ്ക്ക് ശേഷമായിരുന്നു അപകടം. ചായക്കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ മത്തൻകട ഭാഗത്തുവെച്ച് സ്‌കൂട്ടർ നിയന്ത്രണംവിട്ട് റോഡലേക്ക് ഇടിഞ്ഞ് കിടന്ന മണ്ണലേക്ക് മറിഞ്ഞായിരുന്നു അപകടം.

പെരുമഴയ്‌ക്കൊപ്പം ഉരുൾപൊട്ടൽ കൂടി വന്നതോടെ കുമളി പഞ്ചായത്തിലെ നിരവധി സ്ഥലങ്ങൾ ഇന്നലെയും വെള്ളത്തിലായി. കുമളി പഞ്ചായത്തിലെ പത്തുമുറി, ഒട്ടകത്തലമേട് ഭാഗങ്ങളിലാണ് ശനിയാഴ്ച രാത്രി ഉരുൾപൊട്ടൽ ഉണ്ടായത്. പത്തിലധികം സ്ഥലങ്ങളിൽ ഉരുൾ പൊട്ടിയതായാണ് ലഭിക്കുന്ന വിവരം. പത്തുമുറി, ശാന്തിഗിരി, അട്ടപ്പള്ളം, ഒന്നാം മൈൽ, ചെളിമട, കുഴിക്കണ്ടം, വലിയകണ്ടം, പെരിയാർ കോളനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഉരുൾപൊട്ടിലിൽ ഒലിച്ചുപോയും മണ്ണ് അടിഞ്ഞു കൂടിയും ഏക്കർകണക്കിന് സ്ഥലത്തെ ഏലച്ചെടികളാണ് നശിച്ചത്. മണ്ണ് അടിഞ്ഞുകൂടി കുമ്പളന്താനം ജോസിന്റെ വീട് അപകടാവസ്ഥയിലാണ്. തൂങ്ങുംപറമ്പിൽ റെജി, കൊല്ലംപറമ്പിൽ ഷിനോജ്, കാവിൽ പുരയിടത്തിൽ ആന്റണി, ജോയി വരിക്കമാക്കൽ, ബേബിച്ചൻ കാഞ്ഞിരം, ജിൻസ് അറയ്ക്കപ്പറമ്പിൽ, കുമ്പളന്താനം തോമസ്, ജോയി മുട്ടത്തുകുന്നേൽ, കൊല്ലംപറമ്പിൽ മാത്തുക്കുട്ടി, മറ്റത്തിൽ ജോയി, വടക്കേപ്പറമ്പിൽ വിജയൻ, വടക്കേൽ ജെയിംസ് തുടങ്ങി നിരവധി കർഷകരുടെ കൃഷിയിടം വലിയ തോതിൽ നശിച്ചു. ഉരുൾപ്പെട്ടലിൽ ഒഴുകിയെത്തിയ ചെളി മൂലം പല ഭാഗത്തേക്കും എത്താൻ പോലും കഴിഞ്ഞിട്ടില്ല. വിളവെടുപ്പിന് പാകമായ ഏലയ്ക്ക സമൃദ്ധമായി ഉണ്ടായിരുന്ന ഏക്കർ കണക്കിന് സ്ഥലത്തെ ഏലച്ചെടികൾ നശിച്ചിട്ടുണ്ട്.

വെള്ളം കയറി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സംഭവിച്ച നഷ്ടത്തിന്റെ കണക്കുകളും കൃഷി നാശത്തിന്റെ കണക്കുകളും വളരെ വലുതാണ്. മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനമാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.

ഉരുൾപൊട്ടലിൽ നെടുങ്കണ്ടത്ത് വ്യാപക നാശം

നെടുങ്കണ്ടം: പുഷ്പകണ്ടം ശൂലപ്പാറയിലുണ്ടായ ഉരുൾപട്ടലിൽ നാലേക്കർ ഏലത്തോട്ടം ഒലിച്ചുപോയി. കരിന്തകരക്കൽ ദിവാകരന്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടമാണ് ഉരുളെടുത്തത്. കായെടുക്കാൻ പാകമായി നിന്ന ആയിരത്തോളം ഏലചെടികൾ പൂർണ്ണമായി നശിക്കുകയും മണ്ണൊലിച്ച് ഭൂമി കൃഷിയോഗ്യമല്ലാതായി മാറുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മുകളിലുള്ള കിഷോർ എന്ന വ്യക്തിയുടെ പുരയിടത്തിൽ നിന്നുമാണ് ഇരുൾപൊട്ടിയത്. അവർക്ക് കൃഷിയില്ലായിരുന്നു. ശനിയാഴ്ച രാവിലെയാണ് ഉരുൾ പൊട്ടിയ വിവരം അയൽവാസി അറിഞ്ഞ് ഉടമയെ അറിയിച്ചത്. കുറേ മാറി മറ്റൊരു പുരയിടത്തിൽ ഉരുൾപൊട്ടി എട്ട് ഏക്കർ സ്ഥലത്തെ കൃഷിയും നഷ്ടമായി. ശനിയാഴ്ച പുലർച്ചെ തൂക്കുപാലത്തുണ്ടായ വെള്ളപൊക്കത്തിൽ തൂക്കുപാലം പബ്ലിക് ലൈബ്രറിക്ക് വൻ നാശനഷ്ടമുണ്ടായി. അയ്യായിരത്തോളം പുസ്തകങ്ങളും ഫർണീച്ചറും കമ്പ്യൂട്ടറും മൈക്ക് സെറ്റുമുൾപ്പെടെ വെള്ളം കയറി ചെളിയിൽ പുതഞ്ഞു.