തൊടുപുഴ: കാലിത്തീറ്റയുടെ വില വർദ്ധനയും മറ്റ് ചെലവുകളും കൂടിയതനുസരിച്ച് പാലിന് വില കിട്ടാതായതോടെ കടക്കെണിയിലായി ജില്ലയിലെ ക്ഷീര കർഷകർ. ഇരുന്നൂറോളം ക്ഷീര സംഘങ്ങളിലായി പതിനായിരത്തോളം ക്ഷീര കർഷകർ പാൽ അളന്നിരുന്നത് പ്രതിസന്ധി രൂക്ഷമായതോടെ ഗണ്യമായി കുറഞ്ഞു. പാൽ വിറ്റ് കിട്ടുന്ന തുകയുടെ ഏറിയ പങ്കും പശുവിന്റെ പരിപാലനത്തിന് ആവശ്യമായി വരുന്നതാണ് മുഖ്യകാരണം. ഇടത്തരം കർഷകരാണ് കൂടുതൽ പ്രതിസന്ധിയിൽ. ചെലവുകൾ എല്ലാം കണക്കാക്കിയാൽ കർഷകർക്ക് നഷ്ടമല്ലാതെ വരുമാനമില്ലാത്ത അവസ്ഥയാണ്. ഒന്നോ രണ്ടോ പശുക്കളുള്ള തൊഴിലാളികളില്ലാതെ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുന്ന ചെറുകിട കർഷകർ മാത്രമാണ് പ്രതിസന്ധികൾക്കിടയിലും പിടിച്ച് നിൽക്കുന്നത്. ഒരു കറവപ്പശുവിനെ പരിപാലിക്കാൻ ശരാശരി 350 - 400 രൂപ വേണ്ടി വരും. ചെലവെല്ലാം കഴിഞ്ഞാൽ എങ്ങനെ ലാഭത്തിലോടുമെന്നാണ് കർഷകരുടെ ചോദ്യം.

തുല്യമാകാത്ത

വരവ് ചെലവു കണക്കുകൾ
പാലിന്റെ കൊഴുപ്പും കൊഴുപ്പിതര ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്. മിൽമയുടെ കണക്കനുസരിച്ച് കൊഴുപ്പിന്റെ അളവ് 3.7 മില്ലി മീറ്ററും ഖര പദാർത്ഥങ്ങളുടെ അളവ് (എസ്.എൻ.എഫ്) 8.5 മില്ലീ മീറ്ററുമുള്ള ഒരു ലിറ്റർ പാലിന് ഇൻസെന്റീവടക്കം പരമാവധി 46 രൂപയാണ് ലഭിക്കുന്നത്. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നതിന് 48 - 50 രൂപവരെ ചെലവാകും. ഉയർന്ന ഉത്പാദന ശേഷിയുള്ള എച്ച്.എഫ് ഇനം പശുക്കൾക്ക് പാലിൽ കൊഴുപ്പ് കുറവായിരിക്കും. ജേഴ്സി ഇനത്തിൽപ്പെട്ടവയ്ക്ക് ഉത്പാദനം കുറവാണെങ്കിലും കൊഴുപ്പ് കൂടുതലായിരിക്കും. ഇതിനിടയിൽ അകിട് വീക്കം പോലുള്ള രോഗവും മറ്റും പിടിപെട്ടാൽ മരുന്നിന് വേറെയും പണമാകും. കൃഷിയോടൊപ്പമാണ് പലരും കാലി വളർത്തലും നടത്തുന്നത്. കർഷകർ പിന്മാറിത്തുടങ്ങിയതോടെ ക്ഷീര സംഘങ്ങളുടെയും നിലനിൽപ്പ് പ്രതിസന്ധിയിലാണ്. 2022 - 23ൽ 20.61 ലക്ഷം ലിറ്റർ പാൽ അളന്നത് 23- 24ൽ 18.86 ലക്ഷമായി കുറഞ്ഞു. സ്വകാര്യ വിപണിയിലും ഏജൻസികളിലും അളവ് കുറഞ്ഞിട്ടുണ്ട്.

പാൽ വില

വർദ്ധിപ്പിക്കണം
പാൽ വില വർദ്ധിപ്പിക്കുമെന്ന മിൽമയുടെ പ്രഖ്യാപനത്തിലാണ് കർഷകരുടെ പ്രതീക്ഷ. 2022 ഡിസംബറിലാണ് അവസാനമായി വില കൂട്ടിയത്. ഇതിന് ശേഷം പലപ്പോഴായി തീറ്റ, പിണ്ണാക്ക് എന്നിവയുടെ വില വർദ്ധിച്ചിട്ടുണ്ട്. 50 കിലോ തീറ്റയ്ക്ക് -1550 രൂപയും എള്ള് പിണ്ണാക്ക്- 2400, കടല പിണ്ണാക്ക്- 2500, തവിട്- 1300, പരുത്തിക്കുരു- 3000 എന്നിങ്ങനെയാണ് വില.

'പാൽ വില കുറഞ്ഞത് 50 രൂപയെങ്കിലുമാക്കി വർദ്ധിപ്പിച്ചാലെ കർഷകർക്ക് നിലനിൽപ്പുള്ളൂ. മേഖലയിലെ പ്രതിസന്ധിയുടെ ആഴം വളരെ വലുതാണ് ""

-കെ.ബി ഷെെൻ (സംസ്ഥാന ക്ഷീരകർഷക അവാർഡ് ജേതാവ്)