രാജാക്കാട്: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചും രാജാക്കാട് പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കും വികസനമുരടിപ്പിനുമെതിരെ കോൺഗ്രസ് രാജാക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ കുറ്റപത്രവിചാരണവാഹന പ്രചരണ ജാഥ നടത്തി. പഴയവിടുതിയിൽ കെ.പി.സി.സി മെമ്പർ ആർ. ബാലൻപിള്ള പ്രചരണ ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു. അടിവാരം,വാക്കാസിറ്റി,അസിക്കവല,പന്നിയാർ നിരപ്പ്,കള്ളിമാലി, അമ്പലക്കവല,കലുങ്കുസിറ്റി,പന്നിയാർകൂട്ടി,ശ്രീനാരായണപുരം,കൊച്ചുമുല്ലക്കാനം,കുരങ്ങുപാറ,വലിയകണ്ടം,പുന്നസിറ്റി,എൻ.ആർ സിറ്റി, മുല്ലക്കാനം എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി രാജാക്കാട് ടൗണിൽ സമാപിച്ചു. സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.എസ് അരുൺ, ഉടുമ്പൻചോല ബ്ലോക്ക് പ്രസിഡന്റ് എം.പി ജോസ്, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ബെന്നി തുണ്ടത്തിൽ, ബെന്നി പാലക്കാട്ട്, ബാബു കൊച്ചുപുരക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.