നെടുങ്കണ്ടം: മഴ ഒഴിഞ്ഞെങ്കിലും മഴക്കെടുതി നാശം വിതച്ച തൂക്കുപാലം, കൂട്ടാർ, ബാലഗ്രാം മേഖലകൾ പൂർവ സ്ഥിതിയിലാകാൻ ഇനിയും നാളുകൾ വേണം. വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ വൃത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ് നാട്ടുകാർ. രണ്ട് ദിവസമായി മഴ മാറി നിന്നതോടെ കല്ലാർ പുഴയിലെ ജലനിരപ്പ് താഴ്ന്നതാണ് ഏക ആശ്വാസം. എങ്കിലും വെള്ളം കയറി മുങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ ചിലത് തുറക്കാറായിട്ടില്ല. ഇരുപതോളം വാഹനങ്ങൾ കഴിഞ്ഞ ദിവസമുണ്ടായ മഴവെള്ളപ്പാച്ചിലിൽ തകർന്നതായാണ് അനൗദ്യോഗിക കണക്ക്. ഗ്രാമീണ റോഡുകൾ ഇനിയും ശുചീകരണം പൂർത്തീകരിക്കാനായിട്ടില്ല. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മെഗാ ക്ലീനിങ് ക്യാമ്പുകൾ നടത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഇതേസമയം ശുചീകരണ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് പകർച്ചവ്യാധികൾ പിടിപെടാതിരിക്കാനുള്ള നിർദ്ദേശവുമായി ആരോഗ്യ വകുപ്പും രംഗത്ത് എത്തിയിട്ടുണ്ട്.