നെടുങ്കണ്ടം: രാമക്കൽമേട് ആമപ്പാറയിൽ മഴയിൽ പാറക്കഷണങ്ങൾ പതിച്ച് നിർമ്മാണത്തിലിരുന്ന വീട് തകർന്നു. പി.എം.എ.വൈ പദ്ധതിയിലൂടെ ലഭിച്ച വീടാണ് നശിച്ചത്. ആമപ്പാറ ചെറുകുന്നേൽ രമേശന്റെതാണ് തകർന്ന വീട്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്ന് കൂറ്റൻ പാറ കഷണങ്ങൾ ഇളകി വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വീടിന്റെ കട്ടളയും ജനലും ഉൾപ്പെടെ ഇളകിപ്പോയി. തൊട്ടടുത്ത ഷെഡിലാണ് രമേശനും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം നിലവിൽ താമസിക്കുന്നത്. ഷെഡ്ഡിൽ നിന്ന് അടച്ചുറപ്പുള്ള കൂരയിലേക്ക് മാറാമെന്ന സ്വപ്നമാണ് മഴ തകർത്തത്. ആകെ നാല് ലക്ഷം രൂപയാണ് വീടിനായി അനുവദിക്കുന്നത്. ഇതിൽ രണ്ട് ഗഡുക്കളായി ഒരു ലക്ഷത്തി അമ്പത്തിയൊന്നായിരം രൂപ ലഭിച്ചു. നിരവധി പേരിൽ നിന്ന് കടം വാങ്ങിയും മറ്റുമാണ് വീട് കട്ടിളപ്പൊക്കം വരെ എത്തിച്ചത്. ഇനിയെന്തു ചെയ്യുമെന്നറിയാതെ തകർന്നു പോയിരിക്കുകയാണ് ഈ കുടുംബം.