കുമളി: ഉരുൾപൊട്ടലിൽ ഒലിച്ചുപോയ മണ്ണിനും വെള്ളത്തിനുമൊപ്പം കുമളി പഞ്ചായത്തിലെ നിരവധി കർഷകരുടെ സ്വപ്നങ്ങളുമാണ് തകർന്നടഞ്ഞിത്. കുമളി പഞ്ചായത്തിലെ പത്തുമുറിമേഖലയിൽ ഒറ്റരാത്രിയിൽ 2 ഡസനിലധികം ഉരുളുകളാണ് പൊട്ടിയത്. കനത്തപേമോരിയ്‌ക്കൊപ്പം ഈ ഉരുൾപൊട്ടലുകളിൽ ഒലിച്ചെത്തിയ മലവെള്ളവുംചേർന്നപ്പോഴാണ് ശനിയാഴ്ച രാത്രി കുമളി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിലായത്. കുമളി പഞ്ചായത്തിലെ പത്തുമുറി, ഒട്ടകത്തലമേട്, വെള്ളാരംകുന്ന് ഭാഗങ്ങളിലാണ് ശനിയാഴ്ച രാത്രി ഉരുൾപൊട്ടൽ ഉണ്ടായത്. പത്തുമുറി, ശാന്തിഗിരി, അട്ടപ്പള്ളം, ഒന്നാം മൈൽ, ചെളിമട, കുഴിക്കണ്ടം, വലിയകണ്ടം, പെരിയാർകോളനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. എത്ര ഏക്കറിലെ കൃഷി നശിച്ചു എന്ന് ഇനിയും വ്യക്തമായിട്ടില്ല. പത്തുമുറി ഭാഗത്ത് മാത്രം കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്. വിളവെടുപ്പിന് പാകമായ നൂറുകണക്കിന് ഏലച്ചെടികൾ ഉരുൾ കൊണ്ടുപോയി. തൂങ്ങംപറമ്പിൽ റെജി, കൊല്ലംപറമ്പിൽ ഷിനോജ്, കാവിൽ പുരയിടത്തിൽ ആന്റണി,ജോയി വരിക്കമാക്കൽ,ബേബിച്ചൻ കാഞ്ഞിരം, ജിൻസ് അറയ്ക്കപ്പറമ്പിൽ, കുമ്പളന്താനംതോമസ്,ജോയി മുട്ടത്തുകുന്നേൽ, കൊല്ലംപറമ്പിൽ മാത്തുക്കുട്ടി, മറ്റത്തിൽജോയി, വടക്കേപ്പറമ്പിൽ വിജയൻ, വടക്കേൽ ജെയിംസ് തുടങ്ങിയവരുടെ കൃഷിയിടങ്ങളിൽ വലിയതോതിൽ കൃഷിനാശം സംഭവിച്ചു. ഇത്രയേറെ നാശനഷ്ടം സംഭവിച്ചിട്ടും ഉത്തരവാദിത്വപ്പെട്ട അധികൃതർ പല സ്ഥലങ്ങളിലും തിരിഞ്ഞുനോക്കിയിട്ടില്ല.