തൊടുപുഴ: നഗരസഭയിൽ എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതിന്റെ പേരിൽ നാല് കൗൺസിലർമാരെ സസ്‌പെൻഡ് ചെയത നടപടി ബി.ജെ.പി പിൻവലിച്ചു. ടി.എസ്. രാജൻ, സി. ജിതേഷ്, ജിഷ ബിനു, കവിത വേണു എന്നിവരുടെ സസ്പെൻഷനാണ് സംസ്ഥാന കമ്മിറ്റി അംഗവും പാർട്ടി ഇടുക്കി നോർത്ത് ജില്ലാ പ്രഭാരിയുമായ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് പിൻവലിച്ചത്. ശിവരാത്രിയുടെ തലേ ദിവസം കാഞ്ഞിരമറ്റം ക്ഷേത്രത്തിനു സമീപത്ത് എത്തിയ നഗരസഭാ ചെയർപേഴ്സണായിരുന്ന സബീന ബിഞ്ചുവിനെ വഴി വിളക്കുകൾ തെളിയാത്തതിന്റെ പേരിൽ ബി.ജെ.പി പ്രവർത്തകർ തടഞ്ഞിരുന്നു. ഇത് പാർട്ടിക്കുള്ളിലെ ഇരു വിഭാഗങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടാക്കി. ഇതിനിടെയാണ് ചെയർപേഴ്സൺ സബീന ബിഞ്ചുവിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇതിൽ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി വോട്ട് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു നാല് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. പാർട്ടിയുടെ വിപ്പ് ലംഘിച്ചതിനാൽ സസ്‌പെൻഡ് ചെയ്യുന്നുവെന്നാണ് ബി.ജെ.പി നേതൃത്വം പറഞ്ഞിരുന്നത്. സസ്‌പെൻഡ് ചെയ്ത കൗൺസിലർമാർക്കെതിരെ ബി.ജെ.പി നേതൃത്വം ഇലക്ഷൻ കമ്മിഷനിൽ കൊടുത്ത പരാതി നേരത്തെ പിൻവലിച്ചിരുന്നു.