തൊടുപുഴ: എയർ ഹോണുകൾ പിടിച്ചെടുത്ത് റോഡ് റോളർ കയറ്റി നശിപ്പിക്കണമെന്ന ഗതാഗതമന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ നശിപ്പിച്ചത് 96 എണ്ണം. ഇന്നലെ രാവിലെ 10ന് പുഴയോരം ബൈപ്പാസിലെ റോഡരികിലിട്ടാണ് ഇവ നശിപ്പിച്ചത്. പ്രത്യേക ഡ്രൈവിന്റെ ഭാഗമായി പിടികൂടിയ എയർഹോണുകൾ റോഡ് റോളർ ഉപയോഗിച്ചാണ് തകർത്തത്. അവശിഷ്ടങ്ങൾ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് നിന്ന് നീക്കി. എയർഹോണുകൾ കണ്ടെത്താൻ ജില്ലയിൽ കഴിഞ്ഞ 13 മുതൽ 19 വരെ നടത്തിയ വാഹന പരിശോധനയിലാണ് ഇവ പിടികൂടിയത്. 96 വാഹനങ്ങളിൽ നിന്ന് പിഴയിനത്തിൽ 1.92 ലക്ഷം രൂപയും ഈടാക്കി. തൊടുപുഴ, ദേവികുളം, അടിമാലി, വണ്ടിപ്പെരിയാർ, നെടുങ്കണ്ടം, ഉടുമ്പൻചോല മോട്ടോർ വെഹിക്കിൾ ഓഫീസ് പരിധിക്കുള്ളിൽ നടന്ന പരിശോധനയുടെ കണക്കാണിത്. ഹൈക്കോടതി ജഡ്ജിയെ കാർ യാത്രയ്ക്കിടയിൽ സ്വകാര്യ ബസ് ഡ്രൈവർ ഹോണടിച്ച് ശല്യം ചെയ്തതോടെയാണ് നടപടി ശക്തമാക്കിയത്. കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുത്ത ഒരു ചടങ്ങിനിടെ അമിത വേഗത്തിലും ഹോൺ മുഴക്കിയും കടന്നുപോയ സ്വകാര്യബസിനെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നു. ഉദ്യോഗസ്ഥർ പരിശോധിച്ചാലും കണ്ടെത്താൻ കഴിയാത്ത വിധത്തിലാണ് ചില വാഹനങ്ങളിൽ എയർ ഹോണുകൾ സ്ഥാപിച്ചിരിക്കുന്നത്. അനുവദനീയമായ ഡെസിബെൽ പരിധിയിൽ കൂടുതൽ ശബ്ദമുള്ള എയർഹോണുകൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും നിർദ്ദേശമുണ്ട്.

അനുവദനീയം

112 ഡെസിബെൽ വരെ

112 ഡെസിബെൽ വരെ ശബ്ദമുള്ള ഹോണുകളാണ് വാഹനങ്ങളിൽ അനുവദനീയമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 125 ഡെസിബെലിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്നവയാണ് നിയമത്തിനെതിരെന്ന കാരണത്താൽ പിടിക്കപ്പെടുന്നത്. വാഹനങ്ങളിലെ എയർഹോൺ നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വകുപ്പ് നടപടി കടുപ്പിച്ചത്.