തൊടുപുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ കാർഷികമേഖലയിലുണ്ടായത് വ്യാപക നാശനഷ്ടം. 84. 44 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. 1.47 കോടിയുടെ നഷ്ടമാണ് കണക്കാകുന്നത്. കൂടുതൽ നഷ്ടം ഹൈറേഞ്ച് മേഖലയിലാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് നെടുങ്കണ്ടം, കുമളി മേഖലകളിയിലാണ്. ഈ ഭാഗത്ത് അരക്കോടിയോളം രൂപയുടെ മുകളിൽ നഷ്ടമുണ്ടായിട്ടുണ്ട്. 16 മുതൽ 21വരെയുള്ള ആറ് ദിവസക്കാലത്തെ കണക്കാണിത്. ഏലം, കുരുമുളക്, കൊക്കോ, റബർ, വാഴ, നെൽ അടക്കമുള്ള കാർഷിക വിളകളാണ് വ്യാപകമായി നശിച്ചത്. വാത്തിക്കുടി, ചക്കുപള്ളം,ഇരട്ടയാർ, വണ്ടൻമേട്, കരുണാപുരം, ഉടുമ്പൻചോല, കുമളി, കട്ടപ്പന, നെടുങ്കണ്ടം, കൽത്തൂവൽ, പാറത്തോട്, ഇരട്ടയാർ, ഇടവെട്ടി കൃഷിഭവനുകളുടെ പരിധിയിലാണ് കൂടുതൽ നഷ്ടമുണ്ടായിട്ടുള്ളത്. ഏറ്റവും കുറഞ്ഞ നഷ്ടമുണ്ടായത് തൊടുപുഴയിലാണ്. ഇടവെട്ടി കൃഷിഭവന് കീഴിൽ മുപ്പതിനായിരം രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. കനത്ത മഴ, കൊടുങ്കാറ്റ്, മണ്ണിടിച്ചിൽ, പ്രളയം, മഴ എന്നിങ്ങനെ അഞ്ച് തരം പ്രകൃതിക്ഷോഭങ്ങളിലാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.
കൃഷി നാശം എയിംസ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം
മഴക്കെടുതിയിൽ നാശനഷ്ടമുണ്ടായ കർഷകർ കൃഷി വകുപ്പിന്റെ എ.ഐ.എം.എസ് (അഗ്രി- ഇൻഫോമാറ്റിക്സ് മാനേജ്‌മെന്റ് സിസ്റ്റം)പോർട്ടൽ വഴി അപേക്ഷ നൽകണം. വിള ഇൻഷുറൻസ് ഉള്ളവർ പത്ത് ദിവസത്തിനുള്ളിൽ അപേക്ഷ നൽകണം. പോർട്ടലിൽ വഴി കർഷകരുടെ വ്യക്തിഗത വിവരങ്ങൾ, നാശനഷ്ടമുണ്ടായ കൃഷിസ്ഥലത്തിന്റെ വിവരങ്ങൾ, നഷ്ടപ്പെട്ട വിളകൾ എന്നിവ ചേർക്കാൻ സാധിക്കും. കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. ഫോട്ടോ, കരമടച്ച രസീത്, ആധാർ എന്നിവയും അപ്ലോഡ് ചെയ്യണം. ഓരോ വിളയ്ക്കും കൃഷി നാശത്തിനും ക്രോപ് ഇൻഷുറൻസ് അനുകൂല്യത്തിനും പോർട്ടലിൽ അപേക്ഷിക്കണം. വ്യക്തിഗതമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് ജില്ലാ കൃഷി ഓഫീസ് അറിയിച്ചു.
വെബ്‌സൈറ്റ്: http://aims.kerala.gov.in/