ബൈസൺവാലി: ജനാധിപത്യപരമായി ഗ്രാമപഞ്ചായത്തുകൾ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വികസനസദസ് സംഘടിപ്പിക്കുന്നതെന്ന് എം.എം.മണി എംഎൽഎ. ബൈസൺവാലി പഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈസൺവാലി പഞ്ചായത്ത് മികച്ച പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്നും ഉടുമ്പൻചോല രണ്ടാംമൈൽ റോഡ്, ചെമ്മണാർ ഗ്യാപ്പ് റോഡ് എന്നീ മികച്ച റോഡുകൾ കടന്നുപോകുന്ന പഞ്ചായത്താണ് ബൈസൺവാലിയെന്നും അതുതന്നെ വികസനത്തിന്റെ മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന വികസനസദസിൽ അഡ്വ. എ. രാജ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയിച്ചൻ കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. അഞ്ച് വർഷത്തെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി എം. റംഷാദ് അവതരിപ്പിച്ചു. മൂന്ന് കോടി രൂപയുടെ സ്‌കൂൾ കെട്ടിടം നിർമ്മിക്കുവാനും കൊമാളിക്കുടി സ്മാർട്ട് അങ്കണവാടി നിർമ്മിക്കുന്നതിനും മുട്ടുകാട് പാടശേഖരത്തിന് പുതുജീവൻ നൽകുവാനും ലൈഫ് ഭവനപദ്ധതിയിലൂടെ 217 വീടുകൾ പൂർത്തിയാക്കുവാനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. ബൈസൺവാലി എഫ്.എച്ച്.സി.യിൽ സായാഹ്ന ഒ പി ആരംഭിക്കാനും ആംബുലൻസ്, ഫ്രീസർ, ജനറേറ്റർ തുടങ്ങിയവ വാങ്ങുവാനും പഞ്ചായത്തിന് കഴിഞ്ഞു.