പീരുമേട്: പീരുമേട് താലൂക്ക് ആശുപത്രിയിൽ ഫോറൻസിക്ക് സർജൻ ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. ഒരു വർഷം മുമ്പ് ആണ് സർജനെ നിയമിച്ചത്. ഇവിടെ ഉണ്ടായിരുന്ന ഫോറൻസിക് സർജൻ ഡോ. ആദർശ് രാധാകൃഷ്ണൻ വനത്തിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ആദിവാസി വീട്ടമ്മ സീതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് നീണ്ട അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. പകരം സർജനെ നിയമിച്ചിട്ടില്ല. തോട്ടംതൊഴിലാളികൾ കൂടുതലായി താമസിക്കുന്ന പ്രദേശമാണിത്. ഇവിടെ ഉണ്ടാകുന്ന അപകട മരണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോസ്റ്റ്‌മോർട്ടം നടത്തേണ്ടി വരുമ്പോൾ ഇടുക്കി മെഡിക്കൽ കോളേജിൽ കൊണ്ടുപോകേണ്ടി വരുന്നത് വലിയസാമ്പത്തിക നഷ്ടവും,സമയ നഷ്ടവും ഉണ്ടാകുന്നു. തോട്ടം തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ബുദ്ധിമുട്ടാണ്. താലൂക്ക് ആശുപത്രിയിൽ അടിയന്തരമായി സ്ഥിരം ഫോറൻസിക്ക് സർജനെ നിയമിക്കണമെന്ന് ആവശ്യം ശക്തമാണ്.